സംഗ്ലി: പടിഞ്ഞാറന്‍ മഹാരാഷ്‌ട്രയിലെ സംഗ്ലി ജില്ലയില്‍ 19 പെണ്‍ ഭ്രൂണങ്ങള്‍ കുഴിച്ചിട്ട കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഡോ. ബാബാസാഹിബ് ഖിദ്രാപൂരെയാണ്അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടാണ് ഡോക്ടര്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്തു. ഗര്‍ഭച്ഛിദ്രത്തിനിടെ 26കാരിയായ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
യുവതിയുടെ ഭര്‍ത്താവ് പ്രവീണ്‍ ഝംഡാഡെയാണ് ഭാര്യയെ ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. മൂന്നാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാലാണ് ഇവര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിച്ചത്. മൂന്നാമത്തെ കുട്ടിയും പെണ്‍കുഞ്ഞാണെന്നും അതിനെ ഗര്‍ഭച്ഛിദ്രം നടത്തി നശിപ്പിക്കാന്‍ പോവുകയാണെന്നും പ്രവീണ്‍ തന്നോട് പറഞ്ഞിരുന്നതായി മരിച്ച പെണ്‍കുട്ടിയുടെ പിതാവ് സുനില്‍ യാദവ് പോലീസിന് മൊഴി നല്‍കിയിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ ഡോക്ടര്‍ ഒളിവില്‍പ്പോയിരുന്നു. ഡോക്ടറുടെ ഭാര്യയ്‌ക്കും സംഭവങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഡോക്ടറുടെ ക്ലിനിക്കില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
















