നിലമ്പൂര്‍: ബാലവിവാഹം മറച്ചുവെക്കാന്‍ മലപ്പുറം ജില്ലയിലെ ചില മഹല്ലുകളില്‍ വ്യാജ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതായി പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്തുമ്പോള്‍ അത് രേഖപ്പെടുത്തുന്നത് ഈ രജിസ്റ്ററിലായിരിക്കും.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ രജിസ്റ്ററിലേക്ക് വിവരങ്ങള്‍ പകര്‍ത്തിയെഴുതുന്നത്. വ്യാജ രജിസ്റ്റര്‍ മഹല്ലുകളില്‍ സൂക്ഷിക്കാറുമില്ല. അന്വേഷണം വന്നാല്‍ തെളിവില്ലാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. മലപ്പുറം ജില്ലയുടെ മലയോര മേഖലയിലാണ് ബാലവിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ ദിവസം 10 പെണ്‍കുട്ടികളുടെ വിവാഹം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
എപി, ഇകെ സുന്നി വിഭാഗങ്ങളുടെ മഹല്ലുകളിലാണ് വ്യാജ രജിസ്റ്റര്‍ ഉപയോഗിച്ചുള്ള വിവാഹങ്ങള്‍ കൂടുതലായി നടക്കുന്നത്. ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങള്‍ ബാലവിവാഹത്തിന് എതിരായുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ബാലവിവാഹം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് അംഗണവാടി അദ്ധ്യാപകര്‍ക്കടക്കം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഭയം മൂലം ആരും പുറത്ത് പറയാറില്ല.
















