പാലക്കാട്: കഞ്ചിക്കോട് അട്ടപ്പള്ളം പാമ്പാംപള്ളത്ത് സഹോദരിമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കുട്ടികളുടെ അമ്മ രംഗത്ത്. കുട്ടികളുടെ മരണം കൊലപാതകമാണെന്നും അവര്‍ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ ഭാഗ്യവതി വ്യക്തമാക്കി. സംശയങ്ങള്‍ പോലീസിനോട് പറഞ്ഞതായും ഭാഗ്യവതി കൂടിച്ചേര്‍ത്തു.
അതേസമയം, വാളയാറില്‍ സഹോദരിമാരായ രണ്ടു കുട്ടികള്‍ മരിച്ച കേസില്‍ പ്രതികള്‍ അഞ്ചുപേരെന്ന് സൂചന. കുട്ടികളുടെ ബന്ധു ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ള ഒരാളുടെ മൊബൈലില്‍ നിന്ന് പീഡനങ്ങളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ പീഡനത്തിന് ഇരയായിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.
രണ്ടു പെണ്‍കുട്ടികളെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍അജിത്‌കുമാര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അമ്മയുടെ ചെറിയച്ഛന്റെ മകനെ കസ്റ്റഡിയിലെടുത്തു.
ശെല്‍വപുരം ഷാജി – ഭാഗ്യം ദമ്പതികളുടെ മക്കള്‍ ഹൃതിക(11) ജനുവരി 12നും 52 ദിവസത്തിനുശേഷം ഹൃതികയുടെ ഇളയ സഹോദരി ശരണ്യ(9)യുമാണ് തൂങ്ങിമരിച്ചത്. മൂത്തമകള്‍ ഹൃതികയെ ബന്ധു ലൈംഗീകചൂഷണത്തിനിരയാക്കിയിരുന്നതായി അമ്മ ഭാഗ്യം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൃതികയുടെ മരണത്തിലെ ഏകദൃക്‌സാക്ഷിയായിരുന്നു ശരണ്യ.
കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ രാവിലെ ജോലിക്കുപോയാല്‍ വൈകിട്ടേ മടങ്ങിയെത്തുകയുള്ളൂ. ഒരുതവണ മകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയാളെ താക്കീത് ചെയ്തുവിട്ടിരുന്നു. മൂത്ത കുട്ടി മരിച്ച ദിവസം ഈ വിവരം പോലീസിനോടു പറഞ്ഞിരുന്നു. സംഭവദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നു പോയതായി ഇളയ കുട്ടിയും വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം നടന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
















