ന്യൂദല്‍ഹി: അവരുടെ സന്തോഷത്തിന് ഏഴ് ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. മകന്‍ ലോകത്തോട് വിടപറഞ്ഞപ്പോള്‍ സുരജ് ഗുപ്തയും അഞ്ജല്‍ ഗുപ്തയും മൃതദേഹം എയിംസി (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ന് നല്‍കാന്‍ തീരുമാനിച്ചു.
കുടുംബത്തില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിട്ടും അവര്‍ പിന്മാറിയില്ല. ”ഏതാനും ദിവസത്തേക്ക് മാത്രമാണ് അവന്‍ ഭൂമിയിലേക്ക് വന്നത്. എയിംസിലെ പഠനാവശ്യങ്ങള്‍ക്ക് കൈമാറുന്നത് അവന്റെ ജീവിതലക്ഷ്യം നിറവേറ്റുന്നതിന് തുല്യമാണ്”. സുരജ് ഗുപ്ത പറഞ്ഞു.
പഠനരംഗത്ത് എയിംസിന് ഇത് വലിയ സഹായമാണെന്ന് ഡയറക്ടര്‍ ഡോ.ബല്‍റാം ഐറന്‍ ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെ ധൈര്യവും ത്യാഗവും മാതൃകയാണെന്ന് ദല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ പറഞ്ഞു. സുരജ് ഗുപ്തയും അച്ഛന്‍ അര്‍വിന്ദും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
















