ന്യൂദല്‍ഹി: എല്ലാ തടസങ്ങളും മറികടന്ന് ചരക്ക് സേവന നികുതി ബില്‍ (ജിഎസ്ടി) പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ തന്നെ നിയമമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടവേളയ്‌ക്കു ശേഷം ഇന്നലെ ബജറ്റ് സമ്മേളനം പുനരാരംഭിച്ചിരിക്കെ മോദിയുടെ ശുഭാപ്തി വിശ്വാസം.
എല്ലാ സംസ്ഥാനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും ബില്ലിനെ പിന്തുണയ്‌ക്കുന്നു. ജനാധിപത്യ മര്യാദയനുസരിച്ച് സഭയില്‍ ചര്‍ച്ച ചെയ്യും. അത്തരം ചര്‍ച്ച ഉയര്‍ന്ന തലത്തിലെത്തുമെന്നാണ് പ്രതീക്ഷ. സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതാകും ചര്‍ച്ചകളെന്നു കരുതുന്നുവെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സമവായത്തിലൂടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അടുത്ത മാസം സമ്മേളനം അവസാനിക്കുമ്പോള്‍ ജിഎസ്ടി നിലവില്‍ വന്നിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിയമങ്ങളിലൊന്നാണ് ജിഎസ്ടി. നിയമം നിലവില്‍ വരുന്നതോടെ രാജ്യത്തിന്റെ വളര്‍ച്ച ഒരു ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
















