ന്യൂദല്‍ഹി: സ്വത്തിനെ കുറിച്ച് വിജയ് മല്ല്യ നല്‍കിയ വിവരങ്ങള്‍ സത്യമോയെന്ന് സുപ്രീംകോടതി. സ്വത്തുക്കള്‍ വില്‍ക്കുകയോ, കൈമാറുകയോ ചെയ്യരുതെന്ന കര്‍ണാടക ഹൈക്കോടതി വിധി ലംഘിച്ചുവെന്ന പരാതിയിലാണ് ജസ്റ്റിസ് എ.കെ. ഗോയല്‍, ജസ്റ്റിസ് യു.യു. ലളിത് എന്നിവരുടെ പരാമര്‍ശം. മല്ല്യ നല്‍കിയ കണക്കുകള്‍ സത്യസന്ധമോയെന്നും കോടതി ചോദിച്ചു.
എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ കേസിലാണ് കോടതിയുടെ സംശയം. 2,67,10,60,000 രൂപ മല്ല്യ മക്കള്‍ക്കു കൈമാറിയെന്നാണ് ബാങ്ക് കണ്‍സോര്‍ഷ്യത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചത്. ബ്രിട്ടീഷ് കമ്പനിയായ ഡിയാഗോ നല്‍കിയ തുകയാണിത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കമ്പനി പണം നല്‍കിയത്. സ്വത്തുക്കള്‍ കൈമാറരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെയും കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലിന്റെയും ഉത്തരവാണ് മല്ല്യ ലംഘിച്ചതെന്നും റോത്തഗി വാദിച്ചു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ മല്ല്യയുടെ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു.
















