ന്യൂദല്‍ഹി: രാജ്യവിരുദ്ധനായ മകന്റെ മൃതദേഹം തനിക്കു കാണേണ്ടെന്ന ഉറച്ച നിലപാടെടുത്ത ആ പിതാവിന്റെ നടപടിയില്‍ അഭിമാനത്തോടെ രാജ്യം. മധ്യപ്രദേശില്‍ ട്രെയിനിന് ബോംബു വച്ച ശേഷം മുങ്ങിയ മൊഹമ്മദ് സെയ്ഫുള്ള എന്ന ഐഎസ് ഭീകരനെ ലഖ്‌നൗവില്‍ പോലീസ് കഴിഞ്ഞ രാത്രിയിലാണ് വെടിവച്ചുകൊന്നത്.
അയാളെ കാണേണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും അച്ഛന്‍ സര്‍താജ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. ഈ നടപടിക്കാണ് അഭിനന്ദന പ്രവാഹം. സാമൂഹ്യമാധ്യമങ്ങളില്‍ സര്‍താജിനെ പ്രകീര്‍ത്തിച്ച് പോസ്റ്റുകള്‍ നിറഞ്ഞു.
നിരവധി പ്രമുഖരും സര്‍താജിന്റെ നടപടിയെ വാനോളം പുകഴ്‌ത്തി. അദ്ദേഹത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു. തീരുമാനത്തില്‍ അദ്ദേഹത്തിന്റെ കുടുംബവും അഭിമാനിക്കുന്നുണ്ടാവും. ലഖ്‌നൗ ഏറ്റമുട്ടല്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു. ”ഒരു വഞ്ചകനൊരിക്കലും എന്റെ മകനാവാന്‍ സാധിക്കില്ല.
ഞങ്ങള്‍ ഭാരതീയരാണ്. ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും ജനിച്ച മണ്ണ് ഇതാണ്. ഭാരത വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവന്‍ ഞങ്ങളുടെ മകനല്ല. ആ മൃതദേഹം ആവശ്യമില്ല” ഇതായിരുന്നു സര്‍താജിന്റെ വാക്കുകള്‍.
സെയ്ഫുള്ള ജോലിക്കൊന്നും പോകാതെ ചീത്ത കൂട്ടുകെട്ടിലായിരുന്നുവെന്നും സര്‍ജാത് പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ നിന്നു പുറത്താക്കി. ഒരു മാസമായി സെയ്ഫുള്ളയുമായി യാതൊരു ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍, ഒരു മാസം മുന്‍പ് ഫോണ്‍ വിളിച്ച് സൗദി അറേബ്യയില്‍ ജോലിക്കു പോകുന്നുവെന്ന് അറിയിച്ചതായും പിതാവ് പറഞ്ഞു.
കേരളത്തില്‍ നിന്നുള്‍പ്പടെ നിരവധി ഇന്ത്യാക്കാര്‍ ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നുണ്ട്. എന്നാല്‍, രാജ്യത്ത് തന്നെ ഭീകരാക്രമണത്തിന് പദ്ധതിയിടുന്ന ആദ്യ പൗരനാണ് സെയ്ഫുള്ള. ഇയാള്‍ താമസിച്ച സ്ഥലത്ത് നിന്ന് 630 വെടിയുണ്ട, 1.5 ലക്ഷം രൂപ, മൂന്നു മൊബൈല്‍ ഫോണ്‍, നാല് സിം കാര്‍ഡ്, രണ്ട് വയര്‍ലെസ് സെറ്റുകള്‍, യുപി, എംപി എന്നിവിടങ്ങളിലെ മാപ്പും കണ്ടെത്തി.
















