രാജ്യത്തിന് വേണ്ടി എപ്പോഴും കര്‍മ്മനിരതരായി സേവനം അനുഷ്ഠിക്കുന്ന സുരക്ഷസേനയ്‌ക്ക് എപ്പോഴും വിമര്‍ശനങ്ങള്‍ എറ്റുവാങ്ങേണ്ടി വരാറുണ്ട്. മനുഷ്യാവകാശം ലംഘിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷ സേനയെ കുറ്റപ്പെടുത്തുമ്പോള്‍ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നിന്നെത്തുന്നത് വ്യത്യസ്തമായ ഒരു കഥയാണ്.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയില്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടി സുരക്ഷാ സേന നടത്തിയ നടപടിയാണ് പ്രശംസനീയമായിരിക്കുന്നത്. പുല്‍വാമ ജില്ലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനായ ജഹാംഗിര്‍ ഗനയ്, ഷേര്‍ഗുജ്രി എന്നീ ഭീകരരെ ഒളിച്ച് താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്.
ഏറെ നേരത്തെ പരിശോധനകള്‍ക്ക് ഒടുവില്‍ ഒരു വീട്ടില്‍ നിന്നും സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സമവായത്തിലൂടെ ഭീകരരെ നേരിടാനായിരുന്നു സുരക്ഷാ സേന തീരുമാനിച്ചത്. അതിനായി ഷേര്‍ഗുജ്രി എന്ന ഭീകരരന്റെ കുടുംബത്തെ കൂട്ടിയാണ് സുരക്ഷാ സേന ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്ത് എത്തിയത്.
കീഴടങ്ങുന്നതിനുവേണ്ടി മകനെ സ്‌നേഹത്തോട് വിളിക്കാന്‍ സുരക്ഷാ സേന കുടുംബത്തോട് ആവശ്യപ്പെട്ടു. ഇതിലൂടെ ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനായിരുന്നു സുരക്ഷാ സേന ശ്രമിച്ചത് എങ്കിലും ഇൗ ലക്ഷ്യം ഫലം കണ്ടില്ല. ഭീകരര്‍ കീഴടങ്ങാന്‍ തയ്യാറായില്ല. പിന്നീട് ഷേര്‍ഗുജ്രി എന്ന ഭീകരന്റെ ഭാര്യ ദില്‍ഷാതയും അയാളുടെ അമ്മയും കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും സ്വീകരിക്കാന്‍ ഷേര്‍ഗുജ്രി തയ്യാറായില്ല. പിന്നീട് സുരക്ഷാ സേന ഏറ്റുമുട്ടല്‍ എന്ന വഴി സ്വീകരിക്കുകയായിരുന്നു.
12 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഭീകരനായ ജഹാംഗിര്‍ ഗനയ്, ഷേര്‍ഗുജ്രി എന്നിവരെ കീഴടക്കുകയായിരുന്നു. തെക്കന്‍ കശ്മീരില്‍ ഉണ്ടാകുന്ന എല്ലാ കലാപങ്ങള്‍ക്കും പിന്നില്‍ ഭീകരരാണെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പോലീസ് വക്താവ് വ്യക്തമാക്കി. സുരക്ഷാ സേന, പോലീസ്, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെ കൊലപ്പെടുത്തുന്നതിനു പിന്നിലും ഇവരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
















