ന്യൂദല്‍ഹി: മേലുദ്യോഗസ്ഥന്റെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കുകയും അവരെ മര്‍ദിക്കുകയും ചെയ്തതിന് നാവികസേനയിലെ നാലു നാവികരെ ഐഎന്‍എസ് സന്ധായകില്‍ നിന്ന് പുറത്താക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ പതിവ് വിന്യാസത്തിനിടയിലാണ് സംഭവം.
ദിവസേന നടക്കുന്ന പരേഡിനിടയില്‍ അറ്റന്‍ഷനായി നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംഘാംഗങ്ങളിലൊരാള്‍ അതിനു തയാറായില്ല. കൂടാതെ ഉദ്യോഗസ്ഥനുനേരെ തട്ടിക്കയറുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ മറ്റ് നാവികരും മേലുദ്യോഗസ്ഥനെ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് നാവികരെ ഹെലിക്കോപ്റ്ററെത്തിച്ച് കപ്പലില്‍നിന്നു മാറ്റുകയായിരുന്നു.
കപ്പലില്‍നിന്നു ബോട്ടുകളിറക്കുന്നതിനുള്ള നിര്‍ദേശം ഇവര്‍ അനുസരിക്കാറില്ലായിരുന്നുവെന്ന് നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവര്‍ സ്ഥിരമായി ജോലിക്ക് വൈകിയാണ് ഹാജരാകാറുണ്ടായിരുന്നതെന്നും സേന വ്യക്തമാക്കി. മേലുദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്നതിനും അച്ചടക്കം ലംഘിച്ചതിനുമാണ് നാവികര്‍ക്കെതിരെ നടപടിയെടത്തത്.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ നാവികസേന അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. ഉയര്‍ന്ന നിലവാരവും അച്ചടക്കവും ഇന്ത്യന്‍ സേനയുടെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ഇത്തരം കുറ്റങ്ങള്‍ക്ക് ശക്തമായ ശിക്ഷയും ലഭിക്കും. സംഭവം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സമുദ്രാന്തര പഠനത്തിനും ഭൗമശാസ്ത്ര പഠനത്തിനും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന കപ്പലാണ് ഐഎന്‍എസ് സന്ധായക്.
















