ആലപ്പുഴ: ആദായ നികുതി വകുപ്പ് കോടികളുടെ കള്ളപ്പണം കണ്ടെത്തിയ ശ്രീവത്സം ഗ്രൂപ്പിന്റെ ഭൂമിയിടപാടുകള്‍ക്ക് തണലൊരുക്കിയത് ഇടതു വലതു മുന്നണികളിലെ പ്രമുഖര്‍. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹരിപ്പാട്ട് നിരവധി ഭൂമിയിടപാടുകളാണ് നടന്നത്. ഒരു പ്രമുഖ മന്ത്രിയുമായുള്ള അടുത്ത ബന്ധവും, അന്നത്തെ പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കളുമായുള്ള സൗഹൃദവുമാണ് ഇടപാടുകള്‍ക്ക് സൗകര്യം ഒരുക്കിയത്.
സിപിഐയും കോണ്‍ഗ്രസും ഈ ഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ പേരില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിട്ടും സിപിഎം മൗനത്തിലാണ്. ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജിനായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തായിരുന്നു സ്ഥലം എംഎല്‍എയ്‌ക്കും സര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. അന്നും സിപിഎം നിശബ്ദത പാലിച്ചത് വന്‍ വിവാദമായിരുന്നു.
പന്തളം സ്വദേശിയും നാഗാലാന്‍ഡിലെ മുന്‍ അഡീഷണല്‍ എസ്പിയുമായ എം.കെ. രാജേന്ദ്രന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ശ്രീവത്സം ഗ്രൂപ്പ്. ഭരണ, പ്രതിപക്ഷങ്ങളിലെ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇഷ്ടപ്പെട്ട ഭൂമി ഇവര്‍ കൈക്കലാക്കി. മാനേജര്‍ രാധാമണിയാണ് ഭൂമി ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. ഇവരുടെ ഹരിപ്പാട്ടെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പത്ത് കോടി രൂപയുടെ ഭൂമി ഇടപാട് നടത്തിയതായി കണ്ടെത്തി.
ഹരിപ്പാട് കച്ചേരി ജംക്ഷനു വടക്ക് രണ്ടര സെന്റ് വാങ്ങിയത് പ്രദേശത്തെ സ്ഥലവിലയുടെ പത്ത് മടങ്ങിലേറെ നല്‍കിയാണ്.
ഹരിപ്പാട് ഏഴിക്കകത്ത് ജംക്ഷനില്‍ മുമ്പ് 20 സെന്റും താലൂക്ക് ഓഫീസിന് കിഴക്കായി 40 സെന്റും ഇതേ രീതിയില്‍ കൈക്കലാക്കി. ആദ്യം കെട്ടിടത്തിന് അനുമതി നിഷേധിച്ചെങ്കിലും ഒരു മന്ത്രി നേരിട്ട് ഇടപെട്ട് അനുമതി ലഭ്യമാക്കി. യുഡിഎഫ് ഭരിക്കുന്ന നഗരസഭയും എല്ലാ സഹായവും ചെയ്തതായും ആരോപണം.
















