വിഴിഞ്ഞം: മാനസിക വൈകല്യമുള്ള ദളിത് യുവാവിനും അമ്മയ്‌ക്കും നേരേ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ക്രൂരമായ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാനായി വീട്ടിനുള്ളിലേക്ക് ഓടി കയറിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയേയും ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് നേമം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കല്ലിയൂര്‍ പഞ്ചായത്തിലെ സര്‍വോദയം തൂമരിച്ചല്‍ വീട്ടില്‍ സന്ധ്യ(50)ക്കും രാജീവ് (22)നുമാണ് മര്‍ദ്ദനമേറ്റത്. പ്രദേശവാസികളും സജീവ സിപിഎം പ്രവര്‍ത്തകരുമായ ജലീല്‍, ഷമീര്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തിനെതിരെയാണ് പരാതി. മാനസിക രോഗത്തിന് ചികില്‍സയിലാണെന്ന് അപേക്ഷിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുറച്ച് നാള്‍ മുന്‍പും ഇതേ സംഭവം നടന്നിരുന്നു. ശക്തമായ ഭീഷണിയെ തുടര്‍ന്നാണ് അന്ന് പരാതി നല്‍കാതിരുന്നത്.
അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി പരാതി നല്‍കിയിട്ടും പോലീസ് അനാസ്ഥ തുടരുകയാണ്. പരാതി നല്‍കാനെത്തിയ ദളിത് സ്ത്രീയെ പിന്‍തിരിപ്പിക്കാനുള്ള ശ്രമവും പോലീസ് അധികാരികളില്‍ നിന്ന് ഉണ്ടായതായി പരാതിയുണ്ട്. സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദുര്‍ബല വകുപ്പ് ചുമത്താനും ശ്രമമുണ്ട്.
















