കോട്ടയം: എസ്.പി ഓഫീസില്‍ പരാതി പറയാനെത്തിയ ദളിത് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എം.ജി യൂണിവേഴ്സിറ്റിയിലെ നാനോ സയന്‍സ് വിഭാഗം മൂന്നാം വര്‍ഷ ഗവേഷണ വിദ്യാര്‍ത്ഥി കണ്ണൂര്‍ സ്വദേശി ദീപ പി. മോഹനാണ് അറസ്റ്റിലായത്.
സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തെറ്റായ റിപ്പോര്‍ട്ട് കൊടുത്തതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പകരം പുതിയാളെ നിയമിക്കണമെന്ന് അവശ്യപ്പെട്ട് ദീപ തിങ്കളാഴ്ച ഉച്ചയോടെയാണ് കോട്ടയം എസ്.പി ഓഫീസിലെത്തിയത്. എന്നാല്‍ ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ദീപയെ കാണാന്‍ തയ്യാറായില്ല. ഓഫീസിലെ പോലീസുകാരന്റെ കൈവശം പരാതി നല്കാന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ പ്രതിഷേധിച്ച് ദീപ എസ്.പി ഓഫിസിന് മുന്‍പില്‍ കുത്തിയിരിപ്പ് നടത്തി. ഇതേതുടര്‍ന്ന് വനിതാ പോലീസെത്തി ദീപയെ ബലപ്രയോഗത്തിലൂടെ നീക്കാന്‍ ശ്രമിച്ചു.
ഇത് മല്‍പ്പിടുത്തത്തില്‍വരെയെത്തി. തുടര്‍ന്ന് അറസ്റ്റുചെയ്ത ദീപക്കെതിരെ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ പരിക്കേല്‍പ്പിച്ചെന്നും ജോലിക്ക് തടസം സൃഷ്ടിച്ചെന്നുമുള്ള കുറ്റം ചുമത്തി കേസ് എടുത്തു. അറസ്റ്റ് ചെയ്ത് ഈസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ച ദീപയ്‌ക്ക് പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എം.ജി സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹന്‍ നല്‍കിയ പരാതി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോസ്ഥന്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് കോടതി പരാതി തള്ളിയതെന്നും ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ദീപ എസ്പി ഓഫീസിലെത്തിയത്.
വിഷയത്തില്‍ ഡിജിപിയും മുഖ്യമന്ത്രിയും ഇടപെടണമെന്നും തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും കൈവശമുണ്ടായിരുന്നു.ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അധ്യാപകന്‍ നന്ദകുമാര്‍ കളരിക്കലിനെ അന്ന് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയും കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസ് പൊലീസിന് വിട്ടത്.
എന്നാല്‍ പൊലീസ് തെറ്റായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ദീപ ആരോപിക്കുന്നു. സിന്‍ഡിക്കേറ്റ് നിയമിച്ച സമിതിയുടെ കണ്ടെത്തെലിലും ദീപയുടെ പരാതി ശരിവയ്‌ക്കുന്നതായിരുന്നു. ഇതേ പോലെ തന്നെ ദീപയെ നന്ദകുമാര്‍ ലാബ് മുറിയില്‍ പൂട്ടിയിട്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. യൂണിവേഴ്സിറ്റിയില്‍ ഇപ്പോഴും തനിക്ക് ലഭിക്കേണ്ട പരിഗണനയും ഗവേഷണത്തിന് വേണ്ട സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നും ദീപ പറയുന്നു.
















