കൊച്ചി: പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്‍ഡ്യന്‍ സമ്പദ്ഘടന ഇനി ശ്രദ്ധിക്കേണ്ടത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണെന്ന് ഇന്‍ഡ്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. കൊച്ചിയില്‍ ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി.ഹോര്‍മിസ് അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലെ സ്‌കൂളുകളില്‍ 50 ശതമാനം അധ്യാപകരുടെ കുറവുണ്ട്.
10-15 വര്‍ഷത്തിനിടെ വ്യവസായങ്ങളെ സ്വീകരിക്കാനാണ് സംസ്ഥാനങ്ങളും താല്പര്യം കാട്ടിയത്. യൂറോപ്പും, അമേരിക്കയും വര്‍ഷങ്ങള്‍ സമയമെടുത്ത് പുരോഗതിയിലെത്തിയപ്പോള്‍, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വളര്‍ച്ച കൈവരിച്ചു. വളര്‍ച്ച നിരക്കില്‍ ഇന്ത്യയെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം. ഇന്ത്യയുടെ ഈ വിസ്മയ വളര്‍ച്ച ലോക രാഷ്‌ട്രങ്ങളെ വരെ അത്ഭുതപ്പെടുത്തുന്നതാണ്.
വസ്തു നികുതി നല്ല രീതിയില്‍ പിരിക്കുന്ന പട്ടണങ്ങള്‍ക്ക് മാത്രമേ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ കഴിയൂ. കൊച്ചിയില്‍ ആകെ നികുതിയുടെ ഒന്ന് മുതല്‍ രണ്ട് ശതമാനം മാത്രമാണ് പിരിച്ചെടുക്കുന്നത്. കേരളത്തില്‍ ജോലി തേടിയെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണവും, ഇവിടെ നിന്നും വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവരുടെ എണ്ണവും തുല്യമാണ്. സംസ്ഥാനം അല്പം വ്യത്യസ്തമായ ഒരു വികസന മോഡല്‍ സ്വീകരിക്കേണ്ട സമയമായിട്ടുണ്ട്. കുടിയേറ്റമാണ് അതിന് കാരണമായിരിക്കുന്നത്.
നിലവില്‍ ചൈനയേക്കാള്‍ തുറന്ന സമ്പദ് വ്യവസ്ഥയാണ് ഇന്‍ഡ്യയ്‌ക്കുള്ളത്. അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനകം സമ്പദ്ഘടന കൂടുതല്‍ കരുതാര്‍ജ്ജിക്കും. ധനകമ്മി കുറയ്‌ക്കാന്‍ കഴിഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമായി വിലയിരുത്താം. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് കൃത്യമായി ആദായ നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഡിജിറ്റൈസേഷനിലൂടെ ഓരോ മേഖലയിലും എത്തിക്കേണ്ട വികസനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖരന്‍, സി.എസ്.ആര്‍. മേധാവി രാജു ഹോര്‍മിസ്, എം.ഡി. ശ്യാം ശ്രീനിവാസന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ അഷുതോഷ് ഖജൂറിയ, ഹരീഷ് എച്ച്.എഞ്ചിനീയര്‍, എഫ്.ബി.ഒ.എ. ജനറല്‍ സെക്രട്ടറി പോള്‍ മുണ്ടാടന്‍, എഫ്.ബി.ഇ.യു. ജനറല്‍ സെക്രട്ടറി മാത്യൂ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
















