കോഴിക്കോട്: മുട്ടയെക്കുറിച്ച് എല്ലാമറിയാനായി മൃഗസംരക്ഷണ വകുപ്പ് പ്രദര്‍ശനമൊരുക്കുന്നു. മുട്ടയെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കുക, വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനത്തിന് തയ്യാറാക്കുക, ജൈവ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യമാണ് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിനുള്ളത്. ”എഗ്ഗ് ഫെസ്റ്റ്-2017” എന്ന് പേരിട്ടിട്ടുള്ള പരിപാടി ഈ മാസം 18 മുതല്‍ 21 വരെ സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്ക് കാമ്പസിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഫെസ്റ്റ്. ഇതിന്റെ മുഖ്യ ആകര്‍ഷണം മുട്ട മ്യൂസിയമാണ്.
മികച്ചതും ചെലവ് കുറഞ്ഞതുമായ പോഷകാഹാരമാണ് മുട്ട. പ്രോട്ടീന്‍, വിറ്റമിന്‍, ഇരുമ്പ് തുടങ്ങിയവയാല്‍ സമ്പുഷ്ടം. എന്നാല്‍ മുട്ടക്കെതിരെ വ്യാപകമായ പ്രചാരണമാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ളത്. അതില്‍ പ്രധാനം കൊളസ്റ്ററോള്‍ കൂട്ടുന്നു എന്നതാണ്്. ശാസ്ത്രീയമായി ഇക്കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതടക്കമുള്ള സകല സംശയങ്ങള്‍ക്കും മറുപടിയായാണ് ഫെസ്റ്റ്.
കോഴി, താറാവ്, കാട എന്നിവയുടെതടക്കം വിവിധ പക്ഷികളുടെ മുട്ടയും പ്രദര്‍ശനത്തിനുണ്ടാകും. കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, കൂട്-തീറ്റ നിര്‍മ്മാതാക്കള്‍, വീട്ടമ്മമാര്‍ മരുന്ന് നിര്‍മ്മാതാക്കള്‍, തുടങ്ങിയവരെല്ലാം ഫെസ്റ്റില്‍ വിവിധ സെഷനുകളില്‍ പങ്കാളികളാകും. മുട്ട ഉല്‍പ്പാദനം, സംരക്ഷണം, വാണിജ്യ താല്‍പ്പര്യം, പക്ഷിയെ വളര്‍ത്തല്‍, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും.
















