ആലപ്പുഴ: കയര്‍ ബോര്‍ഡില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ ഭരണസമിതിയുടെ കാലയളവില്‍ നടന്ന അഴിമതി, ധൂര്‍ത്ത് എന്നിവയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായിരുന്നു കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നത്.
എഐസിസി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ പ്രൊഫ. ജി. ബാലചന്ദ്രനായിരുന്നു മുന്‍ ചെയര്‍മാന്‍. അതിനു മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.സി. ജോസായിരുന്നു ചെയര്‍മാന്‍. ജി. ബാലചന്ദ്രന്‍ ചെയര്‍മാനായിരുന്ന കാലയളവിലാണ് കലവൂരില്‍ കയര്‍ മ്യൂസിയം സ്ഥാപിച്ചത്. മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാമായിരുന്നു ഉദ്ഘാടകന്‍. എന്നാല്‍ കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ പോലും അനുമതിയില്ലാതെയാണ് മ്യൂസിയം സ്ഥാപിച്ചതെന്നാണ് വിവരം. 34,27,416 രൂപ മ്യൂസിയം നിര്‍മ്മാണത്തിന് ചെലവഴിച്ചതായാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.
കേന്ദ്രമന്ത്രാലയത്തിന്റെ അനുമതിയുണ്ടോയെന്ന ചോദ്യത്തിന് ബോര്‍ഡിന്റെ അനുമതിയുണ്ടെന്ന മറുപടിയാണ് നല്‍കിയത്. കേന്ദ്രമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കയര്‍ മ്യൂസിയം സ്ഥാപിച്ചത് നിയമവിരുദ്ധമാണ്. നിലവില്‍ ഒരു മ്യൂസിയം കലവൂരിലുണ്ടായിരുന്നു. അത് അന്ത്രാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചാണ് ഇത്രയും ഭീമമായ തുക ചെലവഴിച്ചത്.
മ്യൂസിയം സന്ദര്‍ശിക്കാന്‍ നാമമാത്രമായി പോലും ആരും എത്തുന്നുമില്ല. കയര്‍ത്തൊഴിലാളികള്‍ക്ക് നല്ലൊരു തൊണ്ടുതല്ലല്‍ യന്ത്രം പോലും നിര്‍മ്മിച്ച് നല്‍കാന്‍ സാധിക്കാതിരുന്നവരാണ് ഇത്തരത്തില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചതെന്ന് ആക്ഷേപം ഉയരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കയര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്ന് കയര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വരെ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുന്നത്. യുപിഎ ഭരണകാലയളവില്‍ കോടികളുടെ ധൂര്‍ത്ത് നടന്നതല്ലാതെ കയര്‍ തൊഴിലാളികള്‍ക്കോ, ചെറുകിട കയര്‍ ഫാക്ടറികള്‍ക്കോ യാതൊരു പ്രയോജനവും ലഭിച്ചില്ല.
വന്‍തോതില്‍ അനധികൃത നിയമനങ്ങളും ഇവിടെ നടന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളെയും അടുത്തയാളുകളെയും യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇവിടെ നിയമിച്ചത്. ഇതുകൂടാതെ കയര്‍ റിമോട്ട് സ്‌ക്കീം നടപ്പാക്കുന്നതിലും കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ അഴിമതി നടന്നതായും പരാതിയുണ്ട്. തട്ടിപ്പില്‍ അറുന്നൂറോളം ചെറുകിട കയര്‍ ഉത്പാദകരാണ് ഇരകളായത്. ഈ കേസില്‍ എറണാകുളത്തെ കോടതിയില്‍ സിബിഐ കുറ്റപത്രം നല്‍കിയിട്ടുണ്ട്.
















