ഹൈദരാബാദ് : ഹൈദരാബാദില്‍ 9.9 ലക്ഷത്തിന്റെ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്ന നോട്ട് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മൊലുവ- അലി ഏരിയയിലെ യൂസഫ് ഷെയ്‌ക്ക് എന്നയാളാണ് കുശയ്ഗുഡ പോലീസിന്റെ പിടിയിലായത്. എഎസ് റാവു നഗറിലെ അലഹബാദ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്.
ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്നും ചില്‍ഡ്രണ്‍ ബാങ്ക് ഓഫ്് ഇന്ത്യയുടെ 2000ന്റെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്ത് ആഴ്‌ച്ചകള്‍ക്ക് ശേഷമാണ് യൂസഫ് പിടിയിലാവുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ച് മിനുട്ടുകള്‍ക്കകം ഇവിടേക്കെത്തിയ യൂസഫ് 2000ന്റേയും 500ന്റേയും നോട്ടുകളുടെ കെട്ട് നല്‍കിയശേഷം ഇത് സ്വന്തം അക്കൗണ്ടില്‍ തന്നെ നിക്ഷേപിക്കാന്‍ കാഷ്യറോട് ആവശ്യപ്പെടുകയായുരുന്നു. 2000ന്റെ 400 എണ്ണവും 500ന്റെ 380 നോട്ടുകളുമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.
ഈ നോട്ടുകളില്‍ പെട്ടന്ന് അപകാത കണ്ടില്ലെങ്കിലും പിന്നീട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പകരം ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അതേസമയം കള്ളപ്പണ റാക്കറ്റിലെ ഒരു കണ്ണിയാണ് ഇയാള്‍ എന്നും സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
2016 ജൂണിലാണ് ഷെയ്‌ക്ക് ഈ ശാഖയില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത്. എന്നാല്‍ ഇത് ആദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക ഇയാള്‍ നിക്ഷേപിക്കാന്‍ എത്തുന്നത്. കൂടാതെ അടുത്തിടെ കട തുടങ്ങുന്നതിനുള്ള വായ്‌പ്പയ്‌ക്കായി ഇയാള്‍ ബാങ്കിനെ സമീപിച്ചതായും അധികൃതര്‍ അറിയിച്ചു.
















