കൊല്ലം: റവന്യൂ, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ക്ഷേത്രഭൂമിയിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍ തടസപ്പെടുത്തിയ സോമപ്രസാദിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം.
കോടതി ഉത്തരവ് തടസപ്പെടുത്തിയുള്ള എംപിയുടെ നടപടി ചൂണ്ടിക്കാണിച്ച് പ്രസിഡന്റിനും പ്രധാനമന്ത്രിയ്‌ക്കും പരാതി നല്‍കുമെന്ന് ഹിന്ദുഐക്യവേദി അറിയിച്ചു. ഹിന്ദുഐക്യവേദി, ക്ഷേത്രസംരക്ഷണസമിതി, ഉപദേശകസമിതി, പരബ്രഹ്മ ക്ഷേത്രഭൂമി സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളെ അണിനിരത്തി സത്യാഗ്രഹ സമരമാരംഭിച്ചു. ഇന്നലെ വൈകീട്ട് അഞ്ചിന് ഹൈന്ദവശക്തി പ്രകടനവും പൊതുസമ്മേളനം നടന്നു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.ഹരിദാസ് സംസാരിച്ചു. കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വന്ന പോലീസ് റവന്യൂ ഉദ്യോഗസ്ഥരെ ക്ഷേത്രഭൂമിയില്‍ നിന്നും തടസപ്പെടുത്തി വിരട്ടിയോടിച്ച സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.സോമപ്രസാദ് എംപി കാട്ടിയ ധിക്കാരപരമായ നടപടി ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സോമപ്രസാദിനൊപ്പം നില്‍ക്കാന്‍ പ്രദേശത്തെ മാര്‍ക്‌സിസ്റ്റുകാരായ ഹിന്ദുക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എസ്ഡിപിഐ ക്രിമിനല്‍ സംഘത്തിന്റെ പരസ്യപിന്തുണ അദ്ദേഹം തേടുകയായിരുന്നു.
തുടര്‍ന്ന് എസ്ഡിപിഐക്കാരുമായി ചേര്‍ന്നാണ് റവന്യൂ അധികൃതരെ ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്നും പിന്തിരിപ്പിച്ചത്. സോമപ്രസാദിന്റെ നടപടിയില്‍ പ്രദേശത്തെ ഹിന്ദുക്കളായ പാര്‍ട്ടിപ്രവര്‍ത്തകരില്‍ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും ഹരിദാസ് പറഞ്ഞു.
സിപിഎമ്മും എസ്ഡിപിഐയും ചേര്‍ന്ന് നടത്തിയ സംഘര്‍ഷനീക്കങ്ങള്‍ക്ക് പോലീസും റവന്യൂ അധികൃതരും കൂട്ടുനിന്നതോടെയാണ് നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ക്ഷേത്രവിശ്വാസികള്‍ നേടിയെടുത്ത കോടതിവിധി കാറ്റില്‍ പറന്നത്. അതേസമയം ഹൈക്കോടതി ഉത്തരവ് നടപ്പാകുംവരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഹിന്ദുഐക്യവേദിയും പരബ്രഹ്മക്ഷേത്രസംരക്ഷണസമിതിയും ചക്കുവള്ളിയില്‍ രംഗത്തുണ്ട്.
















