ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി അതിര്‍ത്തി കടന്നുള്ള വ്യാപാര ബന്ധം ഇന്ത്യ താല്ക്കാലികമായി നിര്‍ത്തിവച്ചു. അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിയന്ത്രണരേഖയിലൂടെയുള്ള വ്യാപാരബന്ധമാണ് ഇന്ത്യ വിച്ഛേദിച്ചത്.
പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ച്ചയായി പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്‌പ്പ് നടത്തുന്നുണ്ട്. വെടിവയ്‌പ്പിനെ തുടര്‍ന്ന് ചാക്ക ദ ബാഗിലെ ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററിനു കേടുപാടുണ്ടാക്കിയിരുന്നു. ഇതാണ് അതിര്‍ത്തി കടന്നുള്ള വ്യാപാരബന്ധം റദ്ദാക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.
ഇതിനു മുന്നോടിയായി പൂഞ്ചില്‍ നിന്നു റാവല്‍കോട്ടിലേക്കുള്ള ബസ് സര്‍വീസ് ഇന്ത്യ തിങ്കളാഴ്ച നിര്‍ത്തലാക്കിയിരുന്നു. ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്ന് ട്രക്കുകള്‍ പാകിസ്താനിലേക്ക് അയച്ചെങ്കിലും പാകിസ്താന്‍ നിയന്ത്രണരേഖയില്‍ ഗേറ്റ് തുറക്കാന്‍ സമ്മതിച്ചില്ല. അല്‍പനേരം കാത്തിരുന്ന ശേഷം ട്രക്കുകള്‍ മടങ്ങുകയായിരുന്നു. വ്യാപാരം അടുത്തെങ്ങും പുനരാരംഭിക്കാനുള്ള സാധ്യത ഇല്ലെന്നും പറയപ്പെടുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനു മുസാഫറാബാദ്-ശ്രീനഗര്‍ പാതയില്‍ ട്രക്കില്‍ കടത്തുകയായിരുന്ന ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഒരു ചൈനീസ് പിസ്റ്റളും രണ്ടു പിസ്റ്റള്‍ മാഗസിനും 14 റൗണ്ട് തിരകളും പിടിച്ചെടുത്തിരുന്നു. ഇതിനു ശേഷമാണ് വ്യാപാരബന്ധം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. 2008-ലാണ് ഇന്ത്യ-പാകിസ്താന്‍ വ്യാപാരബന്ധം ആരംഭിച്ചത്.2016 ഓഗസ്റ്റില്‍ പ്രത്യേകിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ വ്യാപാരബന്ധം നിര്‍ത്തലാക്കിയിരുന്നു.
















