ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ശുപാര്‍ശകള്‍ ഉയരുന്ന സാഹചര്യത്തിലാണ് മകനെന്ന അവകാശവാദവുമായി യുവാവും രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ഒരു യുവതിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറോഡില്‍ താമസിക്കുന്ന കൃഷ്ണൂര്‍ത്തിയെന്ന യുവാവും അവകാശമുന്നയിച്ച് എത്തിയിരിക്കുന്നത്. തന്റെ അമ്മയെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഗിരിജ വിദ്യാനാഥനോട് പരാതിപ്പെട്ടിരിക്കുന്നത്.
താന്‍ ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നതെന്നും അവിടെ തന്നെ എടുത്തുവളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പമാണ് താന്‍ താമസിച്ചിരുന്നതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു.
2016 സെപ്തംബര്‍ 14ന് താന്‍ ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും നാല് ദിവസം അമ്മയോടൊപ്പം കഴിഞ്ഞിരുന്നെന്നും ഇയാള്‍ അവകാശപ്പെടുന്നു. താന്‍ മകനാണെന്ന് അമ്മ വെളിപ്പെടുത്താനിരുന്നതാണ്. എന്നാല്‍ വിഷയം സംബന്ധിച്ച് ശശികലയും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അവര്‍ തന്റെ അമ്മയെ പടിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. ഭയം കാരണമാണ് മുന്നോട്ട് വന്ന് താന്‍ ഇതൊന്നും ആരോടും വെളിപ്പെടുത്താതിരുന്നത്. പിന്നീട് ധൈര്യം സംഭരിക്കുകയായിരുന്നെന്നും ഇയാള്‍ പറയുന്നു.
ജയലളിതയുടെ ഒരേയൊരു മകനായതു കൊണ്ട് തന്നെ അവരുടെ സ്വത്തില്‍ തനിക്ക് അവകാശമുണ്ടെന്നും ഇയാള്‍ വാദിക്കുന്നു.
















