വര്‍ക്കല: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പാളിനെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തു. അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ രാജീവിനെതിരെയാണ് പോലീസ് കേസെടുത്തത്.
അയിരൂര്‍ എംജിഎം സ്‌കൂള്‍ വിദ്യാര്‍ഥി മരക്കടമുക്ക് സുകേശിനി ബംഗ്ലാവില്‍ പ്രദീപ് കുമാറി(അമ്പിളി)ന്റെയും ശാലിയുടെയും മകന്‍ അര്‍ജ്ജുനെ (16) യാണ് ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വൈസ് പ്രിസിപ്പാളിന്റെ മാനസിക പീഡനമാണ് മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആരോപിച്ച് അര്‍ജ്ജുന്റെ അമ്മ വര്‍ക്കല പോലീസില്‍ പരാതി നല്കി.
ബുധനാഴ്ച സ്‌കൂളില്‍ പിടിഎ മീറ്റിങ് വിളിച്ചിരുന്നു. അതില്‍ പങ്കെടുക്കാന്‍ അര്‍ജ്ജുന്റെ അമ്മ ശാലിയും അനുജത്തിയുമാണ് പോയത്. മീറ്റിങ് കഴിഞ്ഞ് മകനേയും കൊണ്ട് വൈസ് പ്രിന്‍സിപ്പാളിനെ കാണാന്‍ പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മകനേയും അനുജത്തിയേയും കൂട്ടി വൈസ് പ്രിസിപ്പാളിന്റെ അടുത്ത് എത്തിയ തങ്ങളോടു വളരെ നിന്ദ്യമായാണ് പെരുമാറിയാതെന്നും പരാതിയില്‍ പറയുന്നു. സ്മാര്‍ട് വാച്ച് ഉപയോഗിച്ച് പരീക്ഷയില്‍ ക്രമക്കേട് കാണിച്ചുവെന്നും ഇതിനെതിരെ കേസ് കൊടുക്കുമെന്നും ക്രിമിനല്‍ കേസില്‍ മകനെ പ്രതിയാക്കുമെന്നും തുടര്‍ വിദ്യാഭാസം ചെയ്യാന്‍ അനുവദിക്കില്ലെന്നും അര്‍ജ്ജുനെ വൈസ് പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
മകന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടങ്കില്‍ മാപ്പാക്കണമെന്ന് പറഞ്ഞ തന്നോടും അനുജത്തിയോടും കയര്‍ത്ത് സംസാരിക്കുകയും മകന്റെ ഭാവി തന്റെ കൈയിലാണെന്നും ഇനി പഠിത്തം തുടരാന്‍ ആഗ്രഹിക്കരുത് എന്നും പറഞ്ഞു. വൈസ് പ്രിന്‍സിപ്പാള്‍ മുന്‍പും നിരവധിതവണ മകനോടു വൈരാഗ്യപരമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. അര്‍ജ്ജുനെതിരെ പരീക്ഷാ ബോര്‍ഡില്‍ പരാതി നല്കുമെന്നും ക്രിമിനല്‍ കേസില്‍ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാലും മാനസിക പീഡനത്തിലും ഭയന്ന് ഇനി ജീവിതം തുടരാന്‍ കഴിയില്ലെന്ന പേടിയിലാണ് ആത്മഹത്യ ചെയ്തതെന്നാണ് അര്‍ജ്ജുന്റെ അമ്മ പരാതിയില്‍ പറയുന്നത്. സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്നു സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ നടന്ന ഉപവാസ സമരം എബിവിപി ജില്ലാ സെക്രട്ടറി നിതിന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ആലംകോട് ദാനശീലന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ചാവര്‍കോട് ഹരിലാല്‍, വിഷ്ണു വി. കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു സ്‌കൂള്‍ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ വൈസ് പ്രിന്‍സിപ്പാളിനെ സസ്‌പെന്റ് ചെയ്യണമെന്നും ആത്മഹത്യ പ്രേരണകുറ്റത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണ വിധേയമായി വൈസ് പ്രിന്‍സിപ്പാളിനെ സസ്‌പെന്റ് ചെയ്തതായി രേഖാമൂലം ഉറപ്പ് ലഭിച്ചതിനു ശേഷമാണ് സമരം പിന്‍വലിച്ചത്.
















