മുംബൈ: ബോളിവുഡ് താരം ജിതേന്ദ്രയുടെ സഹോദരനും നടി ജയസുധയുടെ ഭര്‍ത്താവുമായ നിതിന്‍ കപൂര്‍ ആത്മഹത്യ ചെയ്തു. മുംബൈയില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
നിതിന്‍ കപൂര്‍ കടുത്ത വിഷാദ രോഗിയായിരുന്നു. കോകിലാ ബെന്‍ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. പലവട്ടം ഇദ്ദേഹം ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളും നിര്‍മാതാവെന്ന നിലയിലുളള പരാജയവും ആണ് ഇദ്ദേഹത്തെ വിഷാദരോഗിയാക്കിയത്. ഇദ്ദേഹം സഹോദരിയോടൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബം ഹൈദരാബാദിലായിരുന്നു.
കെട്ടിടത്തില്‍ നിന്ന് വീണ ഇദ്ദേഹത്തെ അയല്‍ക്കാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുക്കാത്തതിനാലും സംശയാസ്പദമായി യാതൊന്നും ഇല്ലാത്തതിനാലും ഇതൊരു അപകടമരണമായാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
ജെഎസ്‌കെ കമ്പനിയുടെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
നിഹാര്‍, ശ്രേയാന്‍ എന്നിവര്‍ മക്കളാണ്. 1983ലാണ് നിതിനും ജയസുധയും പ്രണയത്തിലാകുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹിതരായി. മലയാളത്തിലും ജയസുധ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി പ്രമുഖര്‍ നിതിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.
















