മോസ്കോ: ചന്ദ്രനിലേയ്ക്കൊരു യാത്ര തരപ്പെടുത്താന്‍ റഷ്യക്കാര്‍ക്ക് അവസരം. ചന്ദ്രനിലേക്ക് അയയ്ക്കുന്നതിന് യോഗ്യരായ ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുക്കുന്നതിന് പൊതുജനങ്ങളില്‍നിന്ന് റഷ്യന്‍ സ്പേസ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു.
ആറു മുതല്‍ എട്ടുവരെ ബഹിരാകാശസഞ്ചാരികളെയാണ് തെരഞ്ഞെടുക്കുക. ഇവരായിരിക്കും ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യത്തെ റഷ്യക്കാര്‍. ഫെഡറസ്റ്റിയ ബിഹിരാകാശ വാഹനത്തില്‍ ഇവരെ ചന്ദ്രനിലേക്ക് അയയ്ക്കുമെന്ന് റഷ്യന്‍ സ്പേസ് ഏജന്‍സി സിഇഒ ഇവാനോവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ഈ വര്‍ഷവസാനം വരെ അഞ്ചു ഘട്ടങ്ങളായി വിവിധ പരീക്ഷകള്‍ നടത്തും. യോഗ്യതാ പരീക്ഷകളുടെ ഫലങ്ങളെല്ലാം ഒത്തുനോക്കി ഡിസംബറില്‍ ആറോ എട്ടോ പേരടങ്ങുന്ന സംഘത്തെ തെരഞ്ഞെടുക്കും. വര്‍ണ, ലിംഗ വിവേചനമൊന്നും തെരഞ്ഞെടുപ്പിലുണ്ടാകില്ല. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പെന്ന് ഇവാനോവ് പറഞ്ഞു.
മുപ്പത്തഞ്ചുവയസില്‍ താഴെയുളളവരായിരിക്കണം. ശാസ്ത്രം, എഞ്ചിനീയറിംഗ്, ആകാശ യാത്ര തുടങ്ങിവയില്‍ ഏതെങ്കിലുമൊരു മേഖലയില്‍ പരിചയം വേണം, കമ്പ്യൂട്ടര്‍ പരിജ്ഞാനം , ബഹിരാകാശ സാങ്കേതിക വിദ്യ പഠിക്കാനുളള താല്‍പ്പര്യം, ഇംഗ്ലീഷ് സംസാരിക്കാനുളള കഴിവ് എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാമെന്നാണ് അറിയിപ്പില്‍ പറയുന്നത്.
















