സംഘര്‍ഷം നടന്ന താനൂര്‍ തീരദേശ മേഖല ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും സംഘവും സന്ദര്‍ശിച്ചപ്പോള്‍
മലപ്പുറം: താനൂര്‍ തീരദേശത്ത് സാധാരണക്കാരുടെ വീടുകയറി അക്രമം നടത്തിയ പോലീസുകാര്‍ക്കൊപ്പം കാക്കിയണിഞ്ഞ പ്രാദേശിക സിപിഎം നേതാക്കളുമുണ്ടായിരുന്നെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. താനൂരില്‍ സംഘര്‍ഷമേഖല സന്ദര്‍ശിച്ച ശേഷം മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘര്‍ഷം നടന്ന ചാപപ്പടിയില്‍ നിന്ന് മാറി ഒട്ടുംപുറം പ്രദേശത്താണ് പോലീസ് അക്രമം നടത്തിയത്. ഇവിടെയുള്ള ബിജെപി, ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീട് തെരഞ്ഞുപിടിച്ചാണ് ആക്രമിച്ചത്. പോലീസിന് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി അക്രമത്തിന് നേതൃത്വം കൊടുത്തത് സിപിഎമ്മാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എത്രയും പെട്ടെന്ന് സംഘര്‍ഷ പ്രദേശം സന്ദര്‍ശിക്കാന്‍ തയ്യാറാകണം.
അധികാര ആധിപത്യം നേടുന്നതിനായി സിപിഎമ്മും ലീഗും തമ്മിലുള്ള മത്സരമാണ് താനൂരില്‍ നടക്കുന്നത്. പക്ഷേ മലപ്പുറം ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ സിപിഎമ്മും ലീഗും ചങ്ങാതിമാരാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
















