ബര്‍ലിന്‍: ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്കു നേരെ ആക്രമണത്തിനു പദ്ധതിയിട്ട നാലു പേര്‍ക്ക് മ്യൂണിച്ച് കോടതി തടവുശിക്ഷ വിധിച്ചു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് തടവിലാക്കപ്പെട്ടത്. രണ്ടു പുരുഷന്മാര്ക്ക് നാലുവര്‍ഷം വീതവും സംഘത്തിലെ ഏക വനിതാ അംഗത്തിനു മൂന്നു വര്‍ഷവും പത്തുമാസവും നാലാം പ്രതിയായ യുവാവിനു മൂന്നു വര്‍ഷവുമാണ് തടവ് ലഭിച്ചത്.
അഭയാര്‍ഥികളെ ആക്രമിക്കുന്നതിനായി ഇവര്‍ ഒരു സംഘമായി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന പോലീസ് കണ്ടെത്തല്‍ കോടതി ശരിവയ്ക്കുകയും ചെയ്തു. ഒരുവര്‍ഷത്തോളം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.
ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ബന്ധപ്പെട്ടിരുന്ന ഇവര്‍ ഒരു തവണ മാത്രമാണ് തമ്മില്‍ കണ്ടിരുന്നത്. രണ്ടാമത്തെ കൂടിക്കാഴ്ചക്കായി എത്തിയപ്പോഴാണ് നാല്‍വര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. 2015 മെയിലായിരുന്നു ഇവര്‍ പോലീസ് കസ്റ്റഡിയിലായത്.
















