കൊല്ലം: കുണ്ടറയില്‍ രണ്ടുമാസംമുമ്പ് ആത്മഹത്യ ചെയ്ത പത്തുവയസുകാരി ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കൊല്ലം റൂറല്‍ എസ്‌പി അന്വേഷിക്കും. പീഡനവും മരണവും വിശദമായിത്തന്നെ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരി 15നായിരുന്നു നാന്തിരിക്കല്‍ സ്വദേശിയായ പെണ്‍കുട്ടി വീടിനുള്ളിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കാലുകള്‍ തറയില്‍ മുട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. രണ്ടു മാസമായിട്ടും പോലീസ് നടപടി എടുത്തില്ലെന്നാരോപിച്ച് ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയിരുന്നു.
കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ സിഐ ആര്‍. സാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശകമ്മിഷന്‍ കേസെടുക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ്, കുട്ടി മരിച്ചദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസത്തിനുമുമ്പ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടും സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കാന്‍ താല്‍പ്പര്യം കാട്ടിയില്ല എന്ന ആരോപണവും ശക്തമാണ്.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും അനാവശ്യമായ തിരക്ക് വേണ്ടെന്നുമായിരുന്നു സിഐയുടെ ഭാഷ്യം. ഇന്നലെ സമരം ശക്തമായതോടെയാണ് കേസന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചതും രാത്രിയോടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐയെ സസ്‌പെന്‍ഡ് ചെയ്തതും.
















