ധാക്ക: ബംഗ്ലാദേശ് പോലീസ് ഒരു സ്ത്രീയടക്കം നാല് ഭീകരരെ വെടിവച്ചു കൊന്നു. ചിറ്റഗോങ് ജില്ലയിലുളള സീതാകുണ്ഡില്‍ ഭീകരര്‍ ഒളിച്ചിരുന്ന കേന്ദ്രത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് സംഭവം.
ജൂലൈയില്‍ ധാക്കയിലെ ഒരു കഫെയില്‍ നടത്തിയ ആക്രമണവുമായി ബന്ധമുളളവരാണ് കൊല്ലപ്പെട്ടത്. പോലീസുമായുളള ഏറ്റുമുട്ടലിനിടെ ഇവര്‍ ചാവേര്‍ സ്ഫോടനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ജമാ അത് ഉള് മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ ഭാഗമായ ന്യൂ ജെഎംബിയുടെ പ്രവര്‍ത്തകരാണിവര്‍. വിദേശികളടക്കം 22 പേരാണ് ജൂലൈയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ന്യൂ ജെഎംബിയ്ക്ക് ഐഎസുമായും ബന്ധമുളളതായി സൂചനയുണ്ട്. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ നിന്ന് ധാരാളം ഗ്രനേഡുകളും മറ്റും പിടിച്ചെടുത്തു. തങ്ങള്‍ വെടിയുതിര്‍ത്തെങ്കിലും തീവ്രവാദികള്‍ മരിച്ചത് ഇവ കൊണ്ടാണോയെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
കാരണം ഇവര്‍ ധരിച്ചിരുന്ന സ്ഫോടക വസ്തുക്കളും അപ്പോഴേക്കും പൊട്ടിത്തെറിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന സ്ത്രീ മരിച്ചത് തങ്ങളുടെ വെടിയേറ്റാണെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ ചിതറിപ്പോയതിനാല്‍ ഇവരെ തിരിച്ചറിയാനായിട്ടില്ല.
















