കൊച്ചി: കാശിമഠത്തിലെ അമൂല്യ വിഗ്രഹങ്ങളും പൂജാസാമഗ്രികളും തിരികെ നല്‍കണമെന്ന ഉത്തരവു നടപ്പാക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് സ്വാമി രാഘവേന്ദ്ര തീര്‍ത്ഥ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.
കാശി മഠാധിപതിയായിരുന്ന സ്വാമി സുധീന്ദ്രതീര്‍ത്ഥ സമാധിയായ സാഹചര്യത്തില്‍ ഇവ തിരികെ നല്‍കണമെന്ന ഉത്തരവു നടപ്പാക്കുന്നതു തടയാനാണ് രാഘവേന്ദ്ര തീര്‍ത്ഥ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കോടതിയിലുള്ള കേസില്‍ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും സ്വാമി അഭിഭാഷകന്‍ മുഖേന സിംഗിള്‍ബെഞ്ചില്‍ അപേക്ഷ നല്‍കി.
തുടര്‍ന്ന് ഇതിനനുമതി നല്‍കിയ ഹൈക്കോടതി ഹര്‍ജിക്കാരന് ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് വീണ്ടും ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കി. ഈ കേസില്‍ നേരത്തെ സിബിഐ അന്വേഷണത്തിനെതിരെ അനുവദിച്ച സ്റ്റേ നിലനില്‍ക്കുന്നില്ലെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
















