ശ്രീനിവാസ് പ്രസാദ്
ബെംഗളൂരു: ബിജെപി നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന ശ്രീനിവാസ് പ്രസാദ് എന്ന വാസു(38)വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വനിതാ നേതാവടക്കം അഞ്ച്‌പേര്‍ അറസ്റ്റില്‍.
മുനിസിപ്പല്‍ പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ സരോജമ്മയുടെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ മകന്‍ മഞ്ജുനാഥുമൊത്ത് ശ്രീനിവാസിനെ വകവരുത്താന്‍ പദ്ധതിയിടുകയായിരുന്നെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സരോജമ്മയുടെ മകന്‍ മഞ്ജുനാഥാണ് ഒന്നാം പ്രതി. ചൊവ്വാഴ്‌ച്ച രാവിലെയാണ് ശ്രിനിവാസിനെ വെട്ടിക്കൊന്നത്. വാസുഎന്നുവിളിപ്പേരുള്ള മധു (23), നാരായണസ്വാമി(35), അപ്പു എന്ന മുരളി (20) എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍ ഇവരെല്ലാം മഞ്ജുനാഥിന്റെ കൂട്ടുകാരാണ്. പ്രതിഫലമായി പണം വാഗ്ദാനം നല്‍കിയാണ് ഇവരെക്കൊണ്ട് കൊലപാതകം ചെയ്യിപ്പിച്ചത്.
ഹൊസൂര്‍ റോഡില്‍ ബന്ധുവിന് അപകടം സംഭവിച്ചെന്നും ആശുപത്രിയിലാക്കാന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ട് മധു ശ്രീനിവാസിനെ ഫോണില്‍ വിളിച്ചു വരുത്തിയശേഷം കൂട്ടുകാരുമായി ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. മഞ്ജുനാഥിന്റെ അമ്മ പട്ടിക വര്‍ഗ്ഗ സ്ത്രീക്കുള്ള സംവരണ സീറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ശ്രീനിവാസ് ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഇയാള്‍ രണ്ട് ഹര്‍ജികളാണ് നല്‍കിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വകവരുത്താന്‍ പദ്ധതിയിടുകയായിരുന്നു.
സരോജമ്മയ്‌ക്കെതിരെ അതേസമയം കൊലപാതകത്തിനു പിന്നിലുള്ള യഥാര്‍ത്ഥകാരണം ഇത് തന്നെയാണോയെന്ന് വിശദമായി അന്വേഷണം നടത്തുമെന്ന് ബെംഗളൂരു റൂറല്‍ പോലീസ് സൂപ്രണ്ടന്റ് അമിത് സിങ് അറിയിച്ചു.
















