കോഴിക്കോട്: കേരളത്തിലെ വനം മേഖല മാവോവാദികള്‍ മുഖ്യപ്രവര്‍ത്തന കേന്ദ്രമാക്കുന്നതായി സൂചന. തമിഴ്നാട്, കര്‍ണ്ണാടക എന്നിവടങ്ങളിലെ മാവോവാദികളാണ് പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരളത്തിലേക്ക് മാറ്റുന്നത്. പശ്ചിമ മേഖലയിലെ ‘സുരക്ഷിതകേന്ദ്ര’ മെന്ന പരിഗണനയാണ് അവര്‍ കേരളത്തിന് നല്‍കുന്നത്. കേരള സര്‍ക്കാര്‍ തലത്തിലും വനം പരിപാലകരില്‍ നിന്നുമുള്ള തണുത്ത പ്രതികരണം അനുകൂല അന്തരീക്ഷമായാണ് മാവോവാദികള്‍ വിലയിരുത്തുന്നത്.
മാവോവാദി വേട്ടയില്‍ കര്‍ണ്ണാടക, തമിഴ്നാട്, അധികൃതരുടെ നിലപാട് കര്‍ശനമാണ്. അത്യാധുനിക ആയുധങ്ങളും സന്നാഹങ്ങളുമായാണ് അവിടങ്ങളില്‍ സേന മാവോവാദികള്‍ക്കായി കാട് അരിച്ച് പെറുക്കുന്നത്. യൂണിഫോമിലല്ലാത്തവരെ കാട്ടില്‍ കണ്ടാല്‍, സംശയം തോന്നിയാല്‍ വെടിവെച്ച് കൊല്ലുകയാണ് പതിവ്. അതുകൊണ്ട് തന്നെ മാവോവാദികളുടെ പ്രവര്‍ത്തനം അത്യന്തം പോരാട്ടം നിറഞ്ഞതാണ്. ഇതില്‍ നിന്ന് വിഭിന്നമാണ് കേരളത്തില്‍. ഇവിടെ സര്‍ക്കാര്‍ തന്നെ, മനുഷ്യാവകാശത്തിന്റെ ആനുകൂല്യം മാവോവാദികള്‍ക്ക് നല്കിയിരിക്കുന്നു. കരുളായി സംഭവത്തോടെ ഈ നിലപാട് ശക്തവുമാണ്.
വനം പരിപാലകര്‍ക്ക് മാവോ വേട്ട നടത്താന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമില്ല. പരിമിതമായി നല്‍കിയിരിക്കുന്ന ആയുധം ഉപയോഗിക്കാനും നിയന്ത്രണമുണ്ട്. മാത്രമല്ല മാവോ വേട്ടക്ക് മുന്നിട്ടിറങ്ങുന്ന വനപാലകര്‍തന്നെ ചോദ്യം ചെയ്യപ്പെടുകയും നിയമനടപടിക്ക് വിധേയവുമാകുന്ന സ്ഥിതിയുമാണ്. ഇക്കാരണത്താല്‍ തന്നെ സര്‍ക്കാര്‍ നയത്തിനൊപ്പം വനം പരിപാലകരും നിഷ്ക്രിയരാണ്. കേരളത്തിലെ ഈ അനുകൂല അന്തരീക്ഷമാണ് മാവോ വാദികള്‍ ഉപയോഗപ്പെടുത്തുന്നത്.
കേരളത്തില്‍ നിലമ്പൂര്‍, അട്ടപ്പാടി വനം മേഖലയില്‍ മാവോവാദികളുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് വനപാലകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിലെ ഊരുകളില്‍ മാവോവാദികള്‍ പതിവായിവന്നു പോകുന്നുണ്ട്. കേരളമുള്‍പ്പെടെയുള്ള പശ്ചിമേഖലയില് മാവോഗ്രൂപ്പുകള് (ദളങ്ങള്‍) കൂടിയതായി റിപ്പോര്‍ട്ടുണ്ട്. കേരളം, തമിഴ്നാട്, കര്‍ണ്ണാടക ദളങ്ങളുടെ യോജിച്ച പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്. ദളങ്ങളില്‍ പ്രവര്‍ത്തകരുടെ എണ്ണവും കൂടി. ഇതില്‍ വയനാട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: