തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് അഴിമതി നടത്തിയെങ്കില്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഔദ്യോഗിക പദവിയിലിരിക്കെ ഭൂമിയിടപാട് നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കും. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാവില്ല. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളാണ് ജേക്കബ്ബ് തോമസ്. ജേക്കബ്ബ് തോമസ് മാറണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട. മുഖ്യമന്ത്രി പറഞ്ഞു
ജേക്കബ്ബ് തോമസ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആയിരിക്കെ തമിഴ്നാട്ടിലെ സേത്തൂരില് അമ്പത് ഏക്കര്‍ ഭൂമി വാങ്ങിയത് സംബന്ധിച്ച് പ്രതിപക്ഷത്തുനിന്നു എം. വിന്‍സന്റ് നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇസ്രാ അക്കോടെക്ക് കമ്പനിക്ക് ഭൂമി വാങ്ങാന്‍ ഇടനിലക്കാരനായി ജേക്കബ്ബ് തോമസ് പ്രവര്‍ത്തിച്ചുവെന്ന് എം. വിന്‍സന്റ് ആരോപിച്ചു. ഭാര്യയുടെ പേരില്‍ ഭൂമിവാങ്ങിക്കൂട്ടി. ഇസ്രാ കമ്പനിയില്‍ രണ്ട് ഇസ്രേയല്‍ പൗരന്മാര്ക്കും ഷെയര്‍ ഉണ്ട്. കള്ളന് കഞ്ഞിവച്ചവനെ വിജിലന്‍സിന്റെ ഉത്തരവാദിത്തം ഏല്പ്പിച്ചിരിക്കുയാണെന്നും വിന്‍സെന്റ് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ജേക്കബ്ബ് തോമസ് ദീര്‍ഘകാലം അവധിയിലായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ ആയിട്ടുണ്ടോയെന്നും സ്വകാര്യകമ്പനിയുടെ പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കും. ചട്ടങ്ങള്‍ പാലിക്കാന്‍ ജേക്കബ്ബ് തോമസും ബാധ്യസ്ഥനാണ്. അഴിമതിക്കാര്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: