കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നത് ക്രൈംബ്രാഞ്ച് പരിശോധിക്കട്ടെയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പോലീസ് എല്ലാ സഹായവും നല്‍കും. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഡിജിപി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിറവം മോളയില്‍ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ ഇന്നു ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യും. കേസന്വേഷണം സംബന്ധിച്ച് വ്യാപകമായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച കൊച്ചിയിലെത്തിയ ഐജി ശ്രീജിത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗത്തില്‍ ക്രൈംബ്രാഞ്ചും പോലീസും സംയുക്തമായി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തി.
ഐജിയുടെ നേതൃത്വത്തിലുള്ള സംഘം മിഷേലിന്റെ വീട്ടിലെത്തി മാതാപിതാക്കളോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പെണ്‍കുട്ടി കായലില്‍ ചാടിയെന്നു കരുതപ്പെടുന്ന രണ്ടാം ഗോശ്രീ പാലത്തിലും ഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വൈകുന്നേരം 6.30 ഓടെയായിരുന്നു പരിശോധന. പെണ്‍കുട്ടിയെ കാണാതായ ദിവസം വൈകുന്നേരം പാലത്തില്‍ മിഷേലിനെ കണ്ടെന്നു മൊഴി നല്‍കിയ യുവാവിനെയും സംഭവസ്ഥലത്തെത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവില്‍ പോലീസിന്റെ കണ്ടെത്തലുകളും തെളിവുകളും ശേഖരിച്ച് പരിശോധിച്ചുവരികയാണ്.
അതേസമയം സംഭവദിവസം ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ നടന്നുപോകുന്നതിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. അശോക ഫ്‌ളാറ്റ്, അബാദ് മറൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. ഗോശ്രീ പാലത്തിലേക്ക് ഒറ്റയ്‌ക്കു നടന്നുപോകുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്.
















