കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി രാജ്യത്തെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍ ഹാജരായി. നല്ല ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ലാവലിന്‍ വേണ്ടി ശ്രമിച്ചതെന്നും നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കുന്ന സാഹചര്യമാണെന്നും ഹരീഷ് സാല്‍വേ വാദിച്ചു. കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിക്കുവേണ്ടിയായിരുന്നു ലാവലിന്‍ കരാര്‍. ലാവലിന്‍ അഴിമതി ഉണ്ടാക്കിയെടുത്ത കഥയാണെന്നും ഹരീഷ് സാല്‍വേ പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഹരീഷ് സാല്‍വെയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തിയിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സഹായം നല്‍കിയതിലും ഗൂഡാലോചനയൊന്നുമില്ലെന്നും ഹരീഷ് സാല്‍വേ വാദിച്ചു. കേസില്‍ പിണറായിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കാമെന്ന ലാവ്ലിന് കമ്പനി വാഗ്ദാനം കെഎസ്ഇബിയുമായുണ്ടാക്കിയ കരാറിന്റെ ഭാഗമല്ലെന്നും സിബിഐയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നുമാണ് പിണറായിയുടെ വാദം.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവ്ലിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ പിണറായി ഏഴാം പ്രതിയായിരുന്നു. എന്നാല്‍, തിരുവനന്തപുരം സിബിഐ കോടതി 2013 നവംബര്‍ അഞ്ചിന് ഇവരെ കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: