തിരുവനന്തപുരം: ടോംസ്കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സെക്രേട്ടറിയറ്റിനു മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു. വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. രണ്ട് എംപിമാരും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരത്തില്‍ നിന്ന് താത്കാലികമായി പിന്മാറുന്നതെന്ന് വിദ്യാര്‍ഥി പ്രതിനിധികളായ അഖില്‍, അഫ്സല് ഷാ, ജയദ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പഠനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ജനുവരി മൂന്നിന് സമരം ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ അനുകൂലനിലപാട് സ്വീകരിക്കാതിരുന്നതിനാലാണ് സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയത്. സമരത്തിന് തുടക്കത്തില്‍ തന്നെ എബിവിപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങി അഞ്ചാംദിവസം സര്‍ക്കാര്‍ എഐസിടിക്ക് റിപ്പോര്‍ട്ട് അയച്ചു. ബിജെപി സംസ്ഥാനസെക്രട്ടറി വി.വി. രാജേഷ് ആക്ഷന്‍ഫോറം ചെയര്‍മാനായി സമരത്തിന് നേതൃത്വം നല്കി വരികയായിരുന്നു.
എബിവിപിയുടെ പിന്തുണ ഉണ്ടായിരുന്നതുകൊണ്ടാണ് സമരം വിജയിക്കാനായതെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു. ബുധനാഴ്ചയ്ക്കകം അനുകൂല തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു. ടോംസ് കോളേജ് അടച്ചുപൂട്ടുക, വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് അവസരമൊരുക്കുക, ടോംസ് കോളേജിനെതിരെ സര്‍ക്കാര്‍പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ടോംസ് കോളേജ് ആക്ഷന്‍ഫോറം ഉന്നയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: