കാക്കനാട്: അരിവില്‍പ്പന കേന്ദ്രങ്ങളിലും മില്ലുകളിലും വ്യാപക റെയ്ഡ്. നാല് ജില്ലകളില്‍ 25 വ്യാപാരികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. അരി മില്ലുടമകളും മൊത്ത വ്യാപാരികളും ഉള്‍പ്പെടെ 25 പേര്‍ക്കെതിരെ പാക്കേജഡ് കമോഡിറ്റീസ് നിയമ ലംഘനത്തിന് കേസെടുത്തു. പാക്കിങ്ങ് തിയതി തിരുത്തിയതിന് 20 പേര്‍ക്കെതിരെയും വില തിരുത്തിയ അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെന്ന് ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് ആര്. റാം മോഹന്‍ അറിയിച്ചു. 25 കിലോയുടെ പാക്കറ്റില്‍ 1400 രുപ രേഖപ്പെടുത്തിയിരുന്നത് 1600 രൂപയാക്കിയും 10 കിലോയുടെ അരി പായ്ക്കറ്റില്‍ 450 രൂപ രേഖപ്പെടുത്തിയിരുന്നത് 680 രൂപയാക്കി തിരുത്തിയുമാണ് വില്‍പ്പന നടത്തിയിരുന്നത്.
വില തിരുത്തിയും തിയതി രേഖപ്പെടുത്താതെയും സൂക്ഷിച്ചിരുന്ന മുഴുവന്‍ ചാക്ക് അരിയും ലീഗല്‍ മെട്രോളജി അധികൃതര്‍ പിടിച്ചെടുത്തു. എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ച് 70ല്‍പ്പരം അരി മില്ലുകളിലും വ്യാപാര കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പായ്ക്കറ്റുകള്‍ക്ക് മുകളില്‍ രേഖപ്പെടുത്തിയിരുന്ന പഴയ വിലയുടെ സ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കൂടിയ വിലയുടെ സ്റ്റിക്കര്‍ പതിപ്പിച്ചായിരുന്നു കബളിപ്പിക്കല്‍.
ഇടുക്കി, പാലക്കാട് ജില്ലകളില്‍ പഴയ വില മഷി കൊണ്ട് വെട്ടി പുതിയ വില എഴുതിച്ചേര്‍ത്തിരുന്നു. ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്പെക്ടര്‍ പി.കെ.മോഹനന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ജ്യോതി വര്‍ഗീസ്, ഇ. വിനോദ് കുമാര്‍, വിമല്‍, റീന തോമസ്, മേരി ഫ്രാന്‍സിസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഏഴ് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.
















