തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, നാലാം പ്രതി ഇന്‍വിജിലേറ്റര്‍ ആയിരുന്ന പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആനി ജോണ്‍ തള്ളി.
ജിഷ്ണുവിനെ ഇടിമുറിയിലേക്ക് ബലമായി വലിച്ചുകൊണ്ടുപോയി എന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു എന്നും മറ്റുമാണ് മൂന്നും നാലും പ്രതികള്‍ക്കെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. ജിഷ്ണുവിന്റെ മരണത്തിന് തൊട്ടുമുമ്പ് മാനസികമായും, ശാരീരികമായും പ്രതികള്‍ പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും ഇടിമുറിയില്‍ നിന്നും കണ്ടെടുത്ത രക്തത്തിന്റെ സാമ്പില്‍ ജിഷ്ണുവിന്റെ ഗ്രൂപ്പ് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. പ്രതികള്‍ ജിഷ്ണുപ്രണോയിയെ നേരിട്ട് മര്‍ദ്ദിച്ചതായും കോപ്പിയടിച്ചു എന്നെഴുതി വാങ്ങുകയും ചെയ്തുവെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.
സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ ഹാജരാകും
നാദാപുരം: പാമ്പാടി നെഹ്റു കോളേജ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ കേരള സര്‍ക്കാരിന് വേണ്ടി പ്രമുഖ അഭിഭാഷകന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരാകും.
കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ച ഹൈക്കോടതി കോളേജ് ചെയര്‍മാനും കേസിലെ ഒന്നാം പ്രതിയുമായ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇയാളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച സുപ്രിം കോടതിയില്‍ സമര്‍പ്പിക്കാനുള്ള രേഖകള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ. ഉദയഭാനുവും, കേസ് അന്വേഷണ ചുമതലയുള്ള എഎസ്പി കിരണ്‍ നാരായണും യോഗം ചേര്‍ന്ന് തയ്യാറാക്കി. അവധി കഴിഞ്ഞു സുപ്രിംകോടതി തിങ്കളാഴ്ച തുറക്കുമ്പോള്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സംസ്ഥാന നിയമമന്ത്രാലയത്തില് നിന്ന് ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമമന്ത്രി എ.കെ. ബാലനുമായി ബന്ധുക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബന്ധുക്കള്‍ നിര്‍ദ്ദേശിക്കുന്ന ഏതു അഭിഭാഷകനെയും കേസില്‍ ഹാജരാകാന്‍ അനുവദിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
കപില്‍ സിബലിന്റെ പേര് മുഖ്യമന്ത്രിയോടും നിയമമന്ത്രിയോടും ബന്ധുക്കള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന ചൂഷണവും വിദ്യാര്‍ത്ഥി പീഡനവും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സാധ്യതയുണ്ട്. കേസ് സുപ്രീംകോടതിയില്‍ എത്തുന്നതോടെ ജിഷ്ണുവിന്റെ മരണം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: