കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നീര്ച്ചാല് ഭാഗത്ത് ശക്തമായ മഴയെത്തുടര്‍ന്ന് വീടുകളിലും പരിസരങ്ങളിലും വെള്ളം കയറിയ പ്രദേശങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.മീനാസ്, ഡെപ്യൂട്ടി കലക്ടര്‍ ബി.അബ്ദുന്നാസര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മണല്‍ത്തിട്ടകള്‍ രൂപപ്പെട്ട ഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് അഴിമുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ട് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയിട്ടുണ്ട്.
തയ്യില്‍ മുതല്‍ നീര്ച്ചാല് വരെയുള്ള ഭാഗങ്ങളിലെ മഴവെള്ളം കടലിലേക്കൊഴുകേണ്ട അമ്മായിത്തോട്ടില് മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത്. കടലില്‍ നിന്നുള്ള മണല്‍ അടിഞ്ഞുകൂടി ഒഴുക്ക് വീണ്ടും തടസ്സപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ആവശ്യമായ സമയത്ത് അഴിമുറിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. തോട്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികളും സംഘം ചര്‍ച്ച ചെയ്തു. നീര്ച്ചാല് ശാന്തി മൈതാനം പ്രദേശത്തെ പൊതുകക്കൂസുകളുടെ ശോച്യാവസ്ഥയും സംഘം വിലയിരുത്തി.
കഴിഞ്ഞ ദിവസം രാത്രി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുന്‍ കൗണ്‍സിലര്‍ പുഷ്പരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ താല്‍ക്കാലിക നടപടികള്‍ സ്വീകരിച്ചിരുന്നു. കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം.സജീവന്, വില്ലേജ് ഓഫീസര്‍ പി.കെ.അബ്ദുല്‍ മജീദ്, പുഷ്പരാജന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: