തിരുവനന്തപുരം: ലോ അക്കാദമിയില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥി ഐക്യം പ്രവര്‍ത്തകരെ എസ്എഫ്ഐയും പോലീസും ചേര്‍ന്ന് മര്‍ദ്ദിച്ചു. എസ്എഫ്ഐ-പോലീസ് തേര്‍വാഴ്ചയില്‍ വിദ്യാര്‍ത്ഥി ഐക്യത്തിലെ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ ഒന്‍പതു കോളജിലേക്ക് കുട്ടികള്‍ വരാന്‍ തുടങ്ങിയതു മുതല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കാന്‍ കാത്തുനില്ക്കുകയായിരുന്നു. പത്ത് മണിയോടെ ക്ലാസ് ആരംഭിച്ചപ്പോള്‍ എസ്എഫ്ഐക്കാര്‍ ക്ലാസ് ബഹിഷ്കരിക്കുകയും മറ്റ് സംഘടനാ നേതാക്കളുമായും വിദ്യാര്‍ത്ഥികളുമായും കൊമ്പുകോര്‍ക്കുകയും ചെയ്തു.
സംഘര്‍ഷം ഒഴിവാക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും തര്‍ക്കം രൂക്ഷമായതോടെ വടികളുമായി എസ്എഫ്ഐക്കാര്‍ കോളജില്‍ അക്രമം അഴിച്ചുവിട്ടു. പേരൂര്‍ക്കട പോലീസ് കോളജിനുള്ളില്‍ കയറി സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും എസ്എഫ്ഐക്കാര്‍ ഇതിനു വഴങ്ങിയില്ല. നേരത്തേ തീരുമാനിച്ചതനിസരിച്ച് പോലീസ് ലാത്തി ലാത്തിച്ചാര്‍ജ്ജ് നടത്തി. എസ്എഫ് പ്രവര്‍ത്തകരല്ലാത്തവരെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും എസ്എഫ്ഐക്കാരും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ് അക്രമമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
എബിവിപി പ്രവര്‍ത്തകരായ അഭിജിത്ത്, അഭിനന്ദ്, ഹരീഷ്, വസന്ത്, രാഹുല്‍, അജയ് എഐഎസ്എഫ് പ്രവര്‍ത്തകരായ നിര്‍മ്മല്‍, കെഎസ്യു പ്രവര്‍ത്തകനായ ജിഷ്ണു, എംഎസ്എഫ് പ്രവര്‍ത്തകരായ മന്‍സൂര്‍ തുടങ്ങിയവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ കേസെടുത്തു. രണ്ടുപേര്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: