തിരുവനന്തപുരം: അഴിമതി തുടര്‍ക്കഥയായ തിരുവനന്തപുരം സി-ഡാക്കില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ തുടരുന്നു. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന തസ്തികകളിലാണ് വിരമിച്ച ഉദ്യോഗസ്ഥര്‍ കരാറടിസ്ഥാനത്തില്‍ വീണ്ടും കയറിക്കൂടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഇവരെ കരാറടിസ്ഥാനത്തില്‍ സുപ്രധാന തസ്തികകളില്‍ തുടരാന്‍ ഒത്താശ ചെയ്യുന്നത് സ്ഥാപനത്തിലെ ഇടതു തൊഴിലാളിസംഘടനയാണ്.
വിരമിച്ച ഉദ്യോഗസ്ഥരെ കണ്‍സള്‍ട്ടന്റ് പോലുള്ള സുപ്രധാന തസ്തികകളില്‍ നിയമിക്കണമെങ്കില്‍ പരസ്യമായി അപേക്ഷ ക്ഷണിച്ച് അഭിമുഖം അടക്കമുള്ള പ്രവേശനപ്രക്രിയ പൂര്‍ത്തിയാക്കണം. സി-ഡാക്കിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടെങ്കില് പ്രവേശനപ്രക്രിയയെന്ന കടമ്പ നിഷ്പ്രയാസം മറികടക്കാം. ഒരു മാനദണ്ഡവും പാലിക്കേണ്ട.
ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ നിയമനം ലഭിച്ച ആളിന്റെ കാര്യത്തില്‍ പോലും ഇതാണ് നടന്നിരിക്കുന്നത്. ഈ അഴിമതിക്ക് കുട പിടിക്കുന്നതാകട്ടെ പുരോഗമനവാദവും തൊഴിലില്ലായ്മയും നിരന്തരം പ്രസംഗിക്കുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനും.
2015 ലെ സിഎജി ആഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ശക്തമായ താക്കീതുകള്‍ ലഭിച്ച വ്യക്തികള്‍ പോലും സി-ഡാക്കില്‍ വിരമിച്ചശേഷം കരാറടിസ്ഥാനത്തില്‍ തുടരുന്നു. മാനേജ്മെന്റ് ഇതിനെ സംബന്ധിച്ച കുറ്റകരമായ മൗനമാണ് തുടരുന്നത്. താഴെത്തട്ടില്‍ നിന്നുള്ള പരാതികള്‍ കേന്ദ്രസര്‍ക്കാരിന്റെയോ മന്ത്രാലയത്തിന്റെയോ ശ്രദ്ധയില്‍പ്പെടുത്താനോ ഉചിതമായ നടപടി സ്വീകരിക്കാനോ മാനേജ്മെന്റ് തയ്യാറാകുന്നില്ല.
സാമ്പത്തികപ്രയാസങ്ങളും മറ്റു ചില പ്രശ്നങ്ങളും മൂലം സി-ഡാക്കില്‍ പുതിയ നിയമനങ്ങള്‍ നടക്കാറില്ല. അനേകം അഭ്യസ്തവിദ്യര്‍ പുറത്ത് തൊഴില്‍തേടി അലയുമ്പോഴാണ് സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച് ചിലര്‍ സംഘടിത രാഷ്ട്രീയ പിന്‍ബലത്തിന്റെ ചുവടുപിടിച്ച് സ്ഥാപനത്തില്‍ ഭീമമായ ശമ്പളം വാങ്ങി തുടരുന്നത്. നിരന്തരം കോടതിയുടെയും ട്രൈബ്യൂണലിന്റെയും രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും സി-ഡാക്ക് മാനേജ്മെന്റ് അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: