കണ്ണൂര്‍: അന്തര്‍ സംസ്ഥാന വാഹനമോഷ്ടാവ് കണ്ണൂരില്‍ അറസ്റ്റിലായി. കാസര്‍കോട് പളളിക്കര ബിലാല്‍ നഗര്‍ സ്വദേശി കെ.അബ്ദുള്‍ കബീറാണ് കോഴിക്കോട് നിന്നും വാഹന മോഷണം നടത്തി കണ്ണൂരിലേക്ക് വരുന്നതിനിടയില്‍ ടൗണ്‍ ഡിവൈഎസ്പി പി.സദാനന്ദന്റെ നേതൃത്വത്തിലുളള പോലീസ് സംഘട്ടിന്റെ വലയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം കണ്ണൂര്‍ ഏകെജി ആശുപത്രിക്ക് സമീപംവെച്ച് പോലീസ് വാഹനത്തെ കണ്ട് വഴിമാറിയോടിയ വാഹനത്തെ സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു. കോഴിക്കോട് കാരന്തൂറില്‍ നിന്നും മോഷ്ടിച്ച കെഎല്‍ 63 ബി 9559 നമ്പര്‍ ടെമ്പോ ട്രാവല്‍ വാഹനവുമായാണ് പ്രതി സഞ്ചരിച്ചിരുന്നത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും മോഷ്ടിച്ച നാല് വാഹനങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു. മോഷണം നടത്തിയ വാഹനങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും വില്‍പ്പന നടത്തി ആര്‍ഭാടം ജീവിതം നയിച്ചുവരികയായിരുന്നു പ്രതിയുടെ ശൈലിയെന്ന് പോലീസ് പറഞ്ഞു. 2015 മെയ് 21 ന് കണ്ണൂര്‍ വളപട്ടണത്ത് യാത്രയ്‌ക്കിടയില്‍ വിശ്രമിക്കുകയായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനം അക്രമിച്ച് പത്ത് പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച കേസിലടക്കം നിരവധി മോഷണക്കേസുകളിലും വധശ്രമക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പുതിയതെരുവിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്ന ഇയാള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ജയില്‍ മോചിതനായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
ടൗണ്‍ സിഐ രത്‌നകുമാര്‍, എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
















