കാസര്‍കോട്: പനത്തടി ഗ്രാമ പഞ്ചായത്തിലെ 9ാം വാര്‍ഡ് മാവുങ്കാല്‍ കോട്ടക്കുന്ന് ആദിവാസി കോളനി നിവാസികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍ ആദിവാസി കോളനിവാസികള്‍ക്ക് നല്‍കാതെ അനധികൃതമായി സിപിഎം കയ്യടക്കിവെച്ചിരിക്കുന്നതിനെതിരെ കളക്ട്രേറ്റിനു മുന്നില്‍ കോളനി നിവാസികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി എസ് സി എസ്ടി മോര്‍ച്ച നേതാക്കള്‍ സമരപ്പന്തലില്‍ എത്തി.
പട്ടിക വര്‍ഗ വിഭാഗത്തിന്റെ വികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളില്‍ കോളനി നിവാസികളെ പ്രവേശിപ്പിക്കാതെ ജാതീയമായ വിവേചനം കാട്ടിയിരിക്കയാണ്. കമ്മ്യൂണിറ്റി ഹാളില്‍ പ്രവേശിക്കുന്ന ആദിവാസികളെ ഭീഷണിപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍ കയ്യടക്കിവെച്ചിരിക്കയാണ.് കമ്യൂണിറ്റി ഹാളിനകത്ത് അനുവാദം നിഷേധിച്ചതിനെതിരെ കഴിഞ്ഞ ഫെബ്രുവരി 27നാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.
പരാതി നല്‍കിയിട്ടും ജില്ലാ ഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ ഇതുവരെ ഇടപെടാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എസ്സിഎസ്ടി മോര്‍ച്ച ജില്ല പ്രസിഡന്റ് എ.കെ. കയ്യാര്‍, ജന.സെക്രട്ടറി സമ്പത്ത് എന്നിവര്‍ പറഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തോട് സംസ്ഥാന ഭരണകൂടം കാണിക്കുന്ന കടുത്ത അവഗണയാണിത്. കമ്മ്യൂണിറ്റി ഹാള്‍ കോളനി നിവാസികള്‍ക്ക് വിട്ടുകൊടുത്ത് സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണമെന്ന് എസ്സി എസ്ടി മോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: