മരിച്ച കുഞ്ഞുമക്കളെ കൈയ്യിലേന്തി നില്ക്കുന്നവര്. മുറിവേറ്റ് പ്രാണനുംകൊണ്ട് ഓടുന്നവര്‍.തകര്‍ന്നു തരിപ്പണമായ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമിടയില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍.പിരമിഡുപോലെ കൂമ്പാരം കൂട്ടിയ ശവങ്ങള്.
ഏതു നിമിഷവും മരണം പലതരത്തില്‍ ഇരച്ചുവരാമെന്നു പേടിച്ചിരിക്കുന്നവര്‍…കഴിഞ്ഞ ആറുവര്‍ഷമായി പത്ര ദൃശ്യ മാധ്യമങ്ങളില്‍ നാം വായിക്കുകയും കാണുകയും ചെയ്യുന്ന സിറിയന്‍ ദുരന്തങ്ങളാണിത്. ചോര പ്രളയം ഇപ്പഴും ഒഴുകിക്കൊണ്ടിരിക്കുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് ഇക്കഴിഞ്ഞ വ്യാഴാഴ്ച ആറു വര്‍ഷം തികയുകയായിരുന്നു.നാലു ലക്ഷത്തിലധികം പേര് കൊല്ലപ്പെട്ടു.11 ലക്ഷംപേര്‍ക്ക് പരിക്കേറ്റു.ഭവന രഹിതരായത് ഒരുകോടിയിലേറെപ്പേര്‍.
ലക്ഷക്കണക്കിനു പേരാണ് വിശപ്പും രോഗവുംകൊണ്ടു വലയുന്നത്.കുട്ടികള്‍ സ്ക്കൂളുകളില്‍ പോയകാലം മറന്നു.യൂറോപ്പിലാകെ സിറിയന്‍ അഭയാര്‍ഥികള്‍ എല്ലാം ഇട്ടെറിഞ്ഞ് ബോംബിനും വെടിയുണ്ടകള്‍ക്കും ഇടയിലൂടെ ജീവനുംകൊണ്ടാടുകയാണ്.ദുരിതങ്ങളുടെ പുതിയ വ്യാകരണം ചമച്ച് സിറിയ ആയുധങ്ങളുടെ കോമ്പല്ലില്‍ മനുഷ്യശരീരങ്ങളെ കോര്‍ത്തെടുക്കുകയും ചരിത്ര സ്മാരകങ്ങളുള്‍പ്പെടെ ആവാസ കേന്ദ്രങ്ങള്‍ പൊടിയാക്കുകയും ചെയ്യുമ്പോഴും മരിച്ചവര്‍ക്കോ ജീവിച്ചിരിക്കുന്നവര്‍ക്കോ അറിയില്ലായിരിക്കാം ഈ ചോരച്ചരിത്രം എന്തിനെന്ന്. ആയുധ കലാപത്തിനു നേതൃത്വം കൊടുത്തവര്‍ക്കുമാത്രമാകാം ഒരുപക്ഷേ അറിയാവുന്നത്. കലാപം നടുത്തുന്നവര്‍ക്ക് കാരണം അറിയേണ്ടല്ലോ.യുദ്ധവും നാശവും നീണ്ടുപോകേ ആദ്യകാരണങ്ങള്‍ തന്നെ ഇല്ലാതാവുകയും അകാരണങ്ങള്‍ കേറിവരുകയുമാണല്ലോ പതിവ്.
പ്രസിഡന്റ് ബാസര്‍ അല്‍ അസദിന്റെ കാര്‍മികത്വത്തിലാണ് സിറിയയില്‍ ആഭ്യന്തര കലാപങ്ങളുടെ മുളപൊട്ടുകയും വിവിധ വെള്ളവും വളവും ചേര്‍ന്ന് തഴച്ചു വളര്‍ന്ന് ഇന്നത്തെ പാപ ഫലങ്ങളായതും.അതിനു പിന്നില്‍ മതവും രാഷ്ട്രീയവും അന്താരാഷ്ട്ര ഗൂഢാലോചനകളും നിരന്നപ്പോള്‍ സിറിയ ലോകത്തിന്റെ തന്നെ ഉണങ്ങാത്ത വ്രണമായി പഴുത്തു.സിറിയന്‍ സൈന്യവും വിമതരും തമ്മിലാണ് കലാപം എന്നു പറയുമ്പോഴും അതില്‍ മതന്യൂനപക്ഷവും മതഭൂരിപക്ഷവും സുന്നിയും ഷിയായും കുര്‍ദും ഇറാനും ഇറാക്കും ഉള്‍പ്പടെ പലതരം ചേരുവകളുണ്ട്.അതിനുള്ളില്‍ വന്‍ ചൂഷണം നടത്തുന്ന ഭീകരര്‍വേറെ.വലിയ അരുതായ്മയ്ക്കു വേണ്ടതൊക്കെ ഉണ്ടെന്നര്‍ഥം.
അമേരിക്കയും റഷ്യയുംകൂടി സിറിയന്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ മറ്റൊരു ലോക മഹായുദ്ധത്തിന്റെ വെടിമരുന്ന് എല്ലാവരും മണുത്തു.ലോകത്ത് വിവിധ ഇടങ്ങളില്‍ പലവേഷങ്ങളില്‍ യുദ്ധങ്ങളുള്ളതുകൊണ്ട് കേന്ദ്രീകൃതമായൊരു ലോക യുദ്ധത്തിന്റെ സ്വഭാവം ചിതറിപ്പോയെന്നും വിചാരിക്കുന്നുണ്ട് ലോകം.
അറബ് വസന്തത്തിന്റെ മുല്ലപ്പൂ മണവുമായി ആദ്യം ടുണീഷ്യയിലും പിന്നീട് ഈജിപ്തിലും വീശിയ കാറ്റിന്റെ തുടര്‍ച്ച മറ്റൊരു വിധത്തിലായി തീര്‍ന്നതിന്റെ പരിണതിയായിരുന്നു സിറിയന്‍ പ്രശ്നത്തിന് പുതിയ കാമ്പായി മാറിയത്. സിറിയയില്‍ പക്ഷേ വസന്തത്തിനു പകരം കൊടും വേനലാണ് തിളച്ചത്,ഇന്നും അതു തിളച്ചുകൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: