മലപ്പുറം: ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.ശ്രീപ്രകാശ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഭിഭാഷകന് ലോക്സഭയിലേക്ക് രണ്ടാംവട്ടമാണ് മല്‍സരിക്കുന്നത്.
2014ല്‍ ഇ.അഹമ്മദിനും പി.കെ.സൈനബക്കുമെതിരെ മത്സരിച്ച് റെക്കോര്‍ഡ് വോട്ടുകള്‍ ബിജെപിയുടെ പെട്ടിയില്‍ വീഴ്ത്തിയ ശ്രീപ്രകാശിനെ ഐക്യകണ്ഠേനയാണ് ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ പിന്തുണച്ചത്. രാജ്യമെങ്ങും മോദിതരംഗം അലയടിച്ച 2014ല്‍ ശ്രീപ്രകാശിന് ലഭിച്ചത് 64705 വോട്ടുകളാണ്. മോദിതരംഗം കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ 2014ലെ വോട്ട് പതിമ്മടങ്ങ് വര്‍ധിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.
33 വര്‍ഷമായി മലപ്പുറത്തെ രാഷ്ട്രീയരംഗത്ത് നിറസാന്നിധ്യമായ ശ്രീപ്രകാശിന് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണുള്ളത്. ആ പരിചയസമ്പന്നത ഉപതെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. എബിവിപി തിരുവന്തപുരം ലോ കോളേജ് യൂണിറ്റ്, പ്രസിഡന്റ്, തിരുവന്തപുരം നഗരം ജോ.സെക്രട്ടറി, യുവമോര്‍ച്ച വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.2006ല്‍ മഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്കും, 2014ല്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും, 2015ല്‍ പാണ്ടിക്കാട് പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു. ഭാര്യ: ഷിഫ ശ്രീപ്രകാശ്, മക്കള്‍: അപര്‍ണ, വിസ്മയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: