കൊച്ചി: ഹൈസ്‌കൂളുകളില്‍ പഠിക്കുന്ന, ഭിന്നശേഷിയുള്ള പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് പട്ടികയില്‍ നിന്ന് അര്‍ഹരായ അനവധി പേര്‍ പുറത്ത്.അപേക്ഷയിലെ അപാകതകളാണ് കാരണം. 9,10 ക്ലാസ്സിലെ അര്‍ഹരായ മിക്ക കുട്ടികളും ലിസ്റ്റില്‍ നിന്ന് പുറത്താണ്. പകരം 5 മുതല്‍ 8 വരെയുള്ള കുട്ടികളുടെ പേരാണ് ലിസ്റ്റില്‍ കടന്നുകൂടിയത്.
9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്‌കൂള്‍ തല സ്‌കോളര്‍ഷിപ്പിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡി.പി.ഐ-ഐ.ഇ.ഡി വിഭാഗം അപേക്ഷ ക്ഷണിച്ചിരുന്നു. ഈ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് ഓണ്‍ലൈനായി പ്രത്യേകം അപേക്ഷയാണ് ക്ഷണിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്ന് അപേക്ഷ ക്ഷണിച്ചപ്പോള്‍ 9,10 ക്ലാസ്സുകാര്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ് എന്ന് വ്യക്തമാക്കാത്തതിനാല്‍ ചില സ്‌കൂളുകാര്‍ 5 മുതല്‍ 8 വരെ ക്ലാസ്സുകളിലെ കുട്ടികളുടെയും ലിസ്റ്റ് നല്‍കി.
അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 9,10 ക്ലാസ്സുകളിലെ പല കുട്ടികളുടെയും പേരില്ല. 5 മുതല്‍ എട്ട് വരെയുള്ള കുട്ടികളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. വിട്ടുപോയ 9,10 ക്ലാസ്സുകാരെ ഉള്‍ക്കൊള്ളിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കി അയയ്‌ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ചുമതല സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിക്കാതെ സ്‌കൂളിലെ റിസോഴ്‌സ് അധ്യാപക സംഘടന നേതാക്കളെ ഏല്‍പ്പിച്ച് പുതിയ കീഴ്‌വഴക്കവും സൃഷ്ടിച്ചു. ഇവര്‍ തങ്ങളുടെ കുട്ടികളെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ച് മറ്റുള്ളവരെ തഴഞ്ഞു. അപാകത പരിഹരിക്കാനും ലിസ്റ്റില്‍, തങ്ങളുടെ കുട്ടികളുടെ പേര്‍ ചേര്‍ക്കാനും സ്‌കൂളുകാര്‍ ശ്രമിച്ചെങ്കിലും അതിനുള്ള സമയം കഴിഞ്ഞുപോയതായാണ് അറിയിപ്പ്.
മുന്‍വര്‍ഷം ഭിന്നശേഷി കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറക്കുകയും പലരേയും ലിസ്റ്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തത് വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. ഡി.പി.ഐയില്‍ ഐ.ഇ.ഡി സെല്ലിലെ ഭിന്നശേഷി കുട്ടികളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന, സസ്‌പെന്‍ഷനിലായ ഡെപ്യൂട്ടി ഡയറക്‌റുടെ പകരക്കാരനെ ഇതുവരെയും നിയമിച്ചിട്ടില്ല. ഇത് കാരണം ഈ വിഭാഗക്കാരുടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞ മട്ടിലാണ്.
എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാര്‍ക്ക് പരീക്ഷ എഴുതാന്‍ സഹായിക്കുന്ന സ്‌ക്രൈബിനെ നേരത്തേ അനുവദിച്ചുത്തരവിറക്കേണ്ടതിന് പകരം പരീക്ഷ തുടങ്ങിയ അന്നേ ദിവസം അനുവദിച്ച് ഉത്തരവിറക്കിയതും പ്രശ്‌നങ്ങളുണ്ടാക്കി. അതിനാല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ആളെ കണ്ടെത്താന്‍ നെട്ടോട്ടമോടേണ്ടി വന്നു.
















