കൊല്ലം: റേഷന്‍ കരിഞ്ചന്ത ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച വാതില്‍പടി വിതരണം കേരളത്തില്‍ അട്ടിമറിച്ചു. റേഷന്‍ സാധനങ്ങള്‍ നേരിട്ട് കടകളിലെത്തെിക്കുന്ന രീതിയാണിത്. മറ്റു സംസ്ഥാനങ്ങളില്‍ പദ്ധതി വിജയകരമായപ്പോള്‍ കേരളത്തില്‍ നടപ്പായില്ല. പദ്ധതി അട്ടിമറിച്ചത് ഉദ്യോഗസ്ഥ-കരിഞ്ചന്ത മാഫിയയാണ്. ഭക്ഷ്യസാധനം എത്തിക്കാന്‍ ടെണ്ടര്‍ എടുത്തവര്‍ കടകളില്‍ നേരിട്ട് സാധനം എത്തിക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ്.
കട ഉടമകള്‍ താലൂക്ക് ഗോഡൗണിലെത്തി സ്റ്റോക്ക് ഏറ്റുവാങ്ങണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഭക്ഷ്യസാധനങ്ങളുടെ തൂക്കം കട ഉടമകളെ ബോധ്യപ്പെടുത്താന്‍ സാധ്യമല്ലെന്നും ഇവര്‍ പറയുന്നു. അതേ സമയം ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കാന്‍ ടെണ്ടര്‍ ഉറപ്പിച്ചവരില്‍ ഭൂരിഭാഗവും ക്രിമിനലുകളാണെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെതിരെ ഒരുവിഭാഗം റേഷന്‍ കട ഉടമകള്‍ രംഗത്ത് എത്തി. കൊല്ലം, പത്തനംതിട്ട. ആലപ്പുഴ, എറണാകുളം, കാസര്‍കോട്, തൃശൂര്‍ എന്നിവടങ്ങളിലെ താലൂക്കുകളില്‍ വിതരണത്തിന്റെ ടെണ്ടര്‍ കരസ്ഥമാക്കിയവരില്‍ ഭൂരിഭാഗവും റേഷന്കടത്തിന് പിടിക്കപ്പെട്ടവരാണ്.
കമ്പ്യൂട്ടര്വല്ക്കരണവും സ്മാര്‍ട്ട് കാര്‍ഡും ജിപിഎസ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഉപയോഗപ്പെടുത്തണമെന്നിരിക്കെ അത് കേരളത്തില്‍ മാത്രം ഒഴിവാക്കിയത് തട്ടിപ്പ് നടത്താണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാതില്‍പടി റേഷന്‍ വിതരണം അട്ടിമറിക്കപ്പെട്ടതോടെ 35 ശതമാനം റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ ഇപ്പോഴും വില്‍ക്കുകയാണ്.
















