തിരുവനന്തപുരം: കേരളത്തില്‍ ദേശീയ ദ്രുതപ്രതികരണ സംവിധാനം നിലവില്‍ വരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതോടെ രാജ്യത്തെവിടെ നിന്നും 112 എന്ന നമ്പരില്‍ പോലീസ് സേവനം തേടാന്‍ കഴിയും. ഒരു വര്‍ഷത്തിനകം രാജ്യം മുഴുവന്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് നടപ്പാക്കാനാകുമെന്നും ഡിജിപി പറഞ്ഞു.
പോലീസ് കണ്‍ട്രോള്‍ റൂമില്‍ ആരംഭിച്ച സിറ്റി പോലീസിന്റെ മോഡേണ്‍ ഇന്ററോഗേഷന്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും ഭീകരവാദവും വര്‍ധിച്ചു. ഇവയെ നേരിടണമെങ്കില്‍ പോലീസ് ആധുനികവത്കരിക്കപ്പെടണമെന്നും ഡിജിപി വ്യക്തമാക്കി. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഉന്നതനിലവാരം പുലര്‍ത്തുന്ന കേരളം ഐഎസ് പോലുള്ള ഇസ്ലാമികഭീകരസംഘടനകളുടെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രമാണെന്ന് കഴിഞ്ഞദിവസം ഡിജിപി ബെഹ്‌റ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് നിര്‍ബാധം റിക്രൂട്ട്‌മെന്റ് നടന്നു. വടക്കന്‍ കേരളത്തില്‍ നിന്ന് 21 കുടുംബങ്ങളാണ് ഐഎസില്‍ ചേര്‍ന്നത്. ഇതില്‍ ദന്തിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. തീവ്രമതവിശ്വാസികളും സമീപകാലത്ത് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരും ഇതിലുണ്ട്. ഇവര്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നതെന്നും ബെഹ്‌റ വ്യക്തമാക്കി.
ഇവര്‍ക്ക് ശ്രീലങ്കയിലെ രഹസ്യകേന്ദ്രത്തില്‍ പരിശീലനം നല്‍കി. കേരളത്തിലെ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഐഎസിന്റെ പ്രവര്‍ത്തനം. നവസാമൂഹ്യമാധ്യമങ്ങള്‍, ആധുനിക മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ആശയപ്രചാരണത്തിനുപയോഗിക്കുന്നു. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന കേരളം അതുകൊണ്ടുതന്നെ ഐഎസിന് ഏറെ വളക്കൂറുള്ള മണ്ണാണ്. ചില സ്വകാര്യ സ്‌കൂളുകളും മതപഠനകേന്ദ്രങ്ങളും ആളുകളെ മതമൗലികവാദത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
ഐഎസിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ചില സംഘടനകള്‍ രഹസ്യമായി മതപരിവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. വിദേശപണം ഉപയോഗിച്ച് പരിവര്‍ത്തനത്തിന് വിധേയരായവരെ പുനഃരധിവസിപ്പിക്കുന്നു. ഈ സംഘങ്ങള്‍ക്ക് ലഷ്‌കര്‍ ഇ-തോയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളുമായി അടുത്ത ബന്ധമുണ്ട്. പണത്തിന്റെ ഒഴുക്കും ഉറവിടവും കണ്ടെത്തി തടയിടാനായില്ലെങ്കില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിജയിക്കില്ല. മതമൗലികവാദം കേരളീയ സമൂഹത്തില്‍ ആഴത്തിലുള്ള വിഭജനം സൃഷ്ടിക്കും. ഈ വെല്ലുവിളികള്‍ തടയണമെങ്കില്‍ അതിനനുസരിച്ച് സേനയെ സജ്ജമാക്കണം. അതിന്റെ ഭാഗമാണ് ദേശീയ ദ്രുതപ്രതികരണ സംവിധാനം, ക്വിക്ക് റെസ്‌പോണ്‍സ് ടീം തുടങ്ങിയവയുടെ രൂപീകരണമെന്നു ഡിജിപി പറഞ്ഞു.
പാറശ്ശാല മുതല്‍ കാസര്‍കോട് വരെ കേരളത്തിലെ ദേശീയപാത അടക്കമുള്ള പ്രധാനപാതകളിലെ അപകടസാധ്യത കൂടിയ സ്ഥലങ്ങളിലെല്ലാം ക്യാമറ സ്ഥാപിക്കും. ഇത് ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാകും. അതോടെ വാഹനാപകടങ്ങള്‍ ഗണ്യമായി കുറയ്‌ക്കാനാകും. ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും പോലീസ് ഇടനിലനില്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂമി തര്‍ക്കം ഉള്‍പ്പെടെയുള്ള സിവില്‍ കേസുകളിലടക്കം ക്രമസമാധാന നില തകരാറിലാകാതെ നോക്കാം. അല്ലാതെ മറ്റൊരു നീക്കവും പോലീസ് നടത്തരുത്. മാറിയ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ പ്രതികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും നല്‍കാതെ പരമാവധി കേസ് അന്വേഷണത്തില്‍ പോലീസിനെ സഹായിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
















