തിരുവനന്തപുരം: കോടതിവിധികളെയോ നിരീക്ഷണങ്ങളെയോ തങ്ങള്‍ മാനിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് സംസ്ഥാനസര്‍ക്കാര്‍. ഇക്കുറി പൊതുവിദ്യാഭ്യാസവകുപ്പാണ് രാജ്യത്തെ നീതിന്യായവ്യവസ്ഥയ്‌ക്ക് അതീതരാണെന്ന് തെളിയിച്ചത്.
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് മാര്‍ച്ച് നാലിനു നടത്തിയ യുഎസ്എസ് പരീക്ഷയുടെ ചോദ്യപേപ്പറിലാണ് കോടതി നിരീക്ഷണത്തിനും വിധിക്കും എതിരായ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. പരീക്ഷയിലെ 51-ാമത്തെ ചോദ്യം ഇങ്ങനെയാണ്: രോഹിത് വെമുല ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ? നാല് ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്. നര്‍മദ ബചാവോ ആന്ദോളന്‍, എന്‍ഡോസള്‍ഫാന്‍ ഇര, ദളിത് പീഡനത്തിന്റെ ഇര, ആദിവാസി ഭൂസമരം എന്നിങ്ങനെയാണ് അവ.
നര്‍മദ ബചാവോ ആന്ദോളന്‍, എന്‍ഡോസള്‍ഫാന്‍, ആദിവാസി ഭൂസമരം എന്നിവയുമായി രോഹിത വെമുലയ്‌ക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാല്‍ വെമുല ദളിത് പീഡനത്തിന്റെ ഇരയാണെന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും വലിയവിഭാഗം മാധ്യമങ്ങളും രാജ്യമെങ്ങും വ്യാജപ്രചാരണം അഴിച്ചുവിട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തണലില്‍ ബിജെപിയും എബിവിപിയും കേന്ദ്രമന്ത്രി ബംഗാരു ദത്താത്രേയയും ചേര്‍ന്ന് ദളിത് പീഡനത്തിന് ചുക്കാന്‍ പിടിക്കുന്നെന്നായിരുന്നു ആരോപണം.
രോഹിത് വെമുല ദളിതനാണെന്നും ദളിത് പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും കാരണക്കാരനായ കേന്ദ്രമന്ത്രിയെ പട്ടികജാതി പീഡനവകുപ്പ് ചുമത്തി അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ വരെ സംഘടിപ്പിച്ചു. എന്നാല്‍ കേസ് കോടതിയിലെത്തി വിശദമായ വിചാരണയില്‍ വെമുല ദളിതനല്ലെന്നും ഒബിസിയാണെന്നും തെളിഞ്ഞു. ഇതോടെ ആരോപണവുമായി രംഗത്തെത്തിയവര്‍ പിന്‍വലിഞ്ഞു. ചില വേദികളിലൊക്കെ വെമുലയുടെ അമ്മയെയും സഹോദരനെയും അവതരിപ്പിച്ച് മുതലെടുക്കാന്‍ ചില ശ്രമങ്ങളൊക്കെ നടന്നെങ്കിലും വിജയിച്ചില്ല.
ഈ സാഹചര്യത്തിലാണ് ദളിതനല്ലെന്ന് കോടതി വ്യക്തമാക്കിയ രോഹിത് വെമുല ദളിത് പീഡനത്തിന്റെ ഇരയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പ് കോടതിയെ മാനിക്കുന്നില്ലെന്നും പിഞ്ചുവിദ്യാര്‍ഥികളില്‍ പോലും വിഭാഗീയതയുടെ വിഷം കുത്തിവയ്‌ക്കാന്‍ ശ്രമിക്കുകയാണെന്നും ദേശീയ അധ്യാപകപരിഷത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ആരോപിച്ചു.
ഈ ഗുരുതരമായ തെറ്റു ചൂണ്ടിക്കാട്ടി എന്‍ടിയു വിദ്യാഭ്യാസവകുപ്പിന് പരാതി നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് എന്‍ടിയു തയ്യാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
















