പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ ക്ഷേത്രം വേണം എന്നത് ഭക്തനെന്ന നിലയിലുള്ള ആഗ്രഹമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടില്ല. അതിനാല്‍ ക്ഷേത്രം പണിയും എന്നുപറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ശബരിമലയില്‍ നടന്ന അഷ്ടമംഗല്യപ്രശ്നചാര്ത്തുകളിലെല്ലാം പൊന്നമ്പലമേടിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. പൊന്നമ്പലമേട്ടില്‍ ക്ഷേത്രമുണ്ടായിരുന്നെന്ന് 1985ലെ അഷ്ടമംഗല്യദേവപ്രശ്നത്തില് കാണുകയുണ്ടായി. അവിടെ ഗണപതിയെയാണ് പൂജിച്ചിരുന്നത്.
ഗണപതിയുടെ ബിംബവും മറ്റും അവിടെനിന്നും ഭ്രംശിച്ചുപോയെന്നും ആസ്ഥാനത്ത് വേണ്ടവിധം ജീര്‍ണ്ണോദ്ധാരണം നടത്തി ദേവതാംശങ്ങളെ കുടിയിരുത്തി ആചരിച്ചേ മതിയാകൂ എന്നും കാണുകയുണ്ടായി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രവനംപരിസ്ഥിതി മന്ത്രിക്ക് 2016ല്‍ ദേവസ്വംബോര്‍ഡ് നിവേദനം സമര്‍പ്പിച്ചിരുന്നതായും പ്രയാര്‍ പറഞ്ഞു.
പൊന്നമ്പലമേട്ടില്‍ സ്ഥിരം പൂജയും ആരാധനയുമല്ല മകരവിളക്കു ദിവസം മാത്രമേ പൂജ ഉദ്ദേശിക്കുന്നുള്ളൂ. മകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്‍ പമ്പാ ഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി എത്തി പൂജ കഴിക്കേണ്ടതാണ്. മകരവിളക്കുദിവസം പൊന്നമ്പലമേട്ടില്‍ ദേവസ്വം പ്രസിഡന്റ് അടക്കമുള്ള അധികാരികള്‍ക്കാര്‍ക്കും പ്രവേശനം അനുവദിക്കാനും പാടില്ല.
ദേവസ്വം സെക്രട്ടറി ഇതു സംബന്ധിച്ചുള്ള രേഖ പരിശോധിച്ച് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്പെടുത്തേണ്ടതാണെന്നും പ്രയാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: