കണ്ണൂര്‍: ബീവറേജസ് കോര്പ്പറേഷന് റീട്ടെയില്‍ ഷോപ്പുകള്‍ അടച്ചുപൂട്ടുന്നത് കേരളത്തില്‍ വ്യാജമദ്യദുരന്തത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന ദേശീയപാതകളില്‍ നിന്നും റീട്ടെയില്‍ ഷോപ്പുകള്‍ 31ന് മുമ്പായി മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഔട്ട്ലെറ്റുകള് അടച്ചുപൂട്ടേണ്ട അടിയന്തിര സാഹചര്യമാണ് നിലവിലുള്ളത്. സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമാക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സുതാര്യമായ സംവിധാനം തുടരാന്‍ കഴിയാതെ വരികയും കേരളം വലിയ മദ്യദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിയും വരും.
അതോടൊപ്പം ഈ മേഖലയില്‍ ജോലിചെയ്യുന്ന കെഎസ്ബിസി ജീവനക്കാര്‍, അബ്കാരി തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ലിക്വര്സെയില്സ് പ്രൈസന്റിറ്റീവ്സ്, ലോറി ജീവനക്കാര്‍, ലാബലിംഗ് തൊഴിലാളികള്‍, സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി നിരവധി തൊഴിലാളികളുടെ ജീവനോപാധി നഷ്ടപ്പെടുന്നതിന് വഴിയൊരുക്കുന്നതാണ്. സര്‍ക്കാരിന്റെ സത്വര ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടാവണം. പൊതുമേഖലയിലെ വിദേശമദ്യ വ്യവസായത്തെ പൂര്‍ണ്ണമായും തകര്‍ക്കാനുള്ള തല്‍പ്പരകക്ഷികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടുമാത്രമേ ഇതിനെ കാണാന്‍ കഴിയു. ഈ സാമ്പത്തിക വര്‍ഷത്തോടെ നിയമാനുസൃതമുള്ള ബീവറേജ് ഷോപ്പുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്വച്ച് മാഹി, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കുറഞ്ഞ വിലക്ക് വ്യാജമദ്യം ഒഴുക്കാന്‍ സാദ്ധ്യതയുണ്ട്. അതുവഴി സര്‍ക്കാരിന് ലഭിക്കേണ്ട കോടികളുടെ നികുതി വരുമാനം നഷ്ടമാവുകയും ചെയ്യും. ശരാശരി പന്ത്രണ്ടര ലക്ഷം രൂപ ദിനംപ്രതി വിറ്റുവരവുള്ള പത്തോളം #ോഔട്ട്ലെറ്റുകള് പകരം സംവിധാനമൊരുക്കാന്‍ കഴിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്.
ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളുടെ എതിര്‍പ്പുകള്‍കൂടി കണക്കിലെടുക്കുമ്പോള്‍ മറ്റു ലഹരിവസ്തുക്കളുടെ വര്‍ദ്ധിച്ച ഉപഭോഗത്തിന് ജനങ്ങളെ പ്രേരിപ്പിക്കപ്പെടുന്ന സാഹചര്യമാണുണ്ടാവുക. കോര്‍പ്പറേഷന്റെ ഷോപ്പിന് സ്ഥലം കണ്ടെത്തുന്ന മാത്രയില്‍ പ്രദേശത്തെ സമാന്തര മദ്യലോബികളും മറ്റ് തല്പ്പരകക്ഷിക്കാരും രാഷ്ട്രീയ കക്ഷികളെ തെറ്റിദ്ധരിപ്പിച്ച് സമരപ്പന്തലില്‍ എത്തിക്കാന്‍ മത്സരിക്കുകയാണ്. ഇത് നികുതിവെട്ടിച്ച് കോഴിക്കടത്ത് നടത്തുന്നത്പോലെ വന്‍തോതില്‍ ക്വട്ടേഷന്‍, ക്രിമിനല്‍ സംഘങ്ങള്‍ക്ക് വളരുന്നതിനുള്ള വഴിയൊരുക്കും. ഇതേകാരണം പറഞ്ഞ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനും ഇപ്പോഴത്തെ മദ്യനയം അട്ടിമറിക്കപ്പെടുന്നതിനും സാഹചര്യമൊരുക്കും. സ്വകാര്യമേഖലയിലേക്ക് മദ്യത്തിന്റെ നിയന്ത്രണം മാറ്റപ്പെടുമ്പോള്‍ ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവടത്തില്‍ ഇനിയുമൊരുപാട് ജീവന് കുരുതികൊടുക്കേണ്ടി വരും.
കുറഞ്ഞ വിലക്ക് നല്ലമദ്യം എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ സദുദ്ദേശത്തെ വികലമായി ചിത്രീകരിക്കുന്ന തത്പരകക്ഷികളുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും, കണ്ണൂരിനെ വ്യാജമദ്യ ദുരന്തത്തിലേക്ക് വലിച്ചിഴക്കരുതെന്നും ബീവറേജസ് എംപ്ലോയീസ് സംഘം ജില്ലാകമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: