തിരുവനന്തപുരം: സിആര്‍പിഎഫിലെ വിമുക്ത ഭടന്മാരുടെ പ്രശ്നപരിഹാരത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറത്തിന്റെ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിആര്‍പിഎഫിലെ വിമുക്തഭടന്മാര് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന സൈനിക വിഭാഗം ചെയ്യുന്ന ജോലിക്കു തുല്യമാണ് രാജ്യത്തിന്റെ ആഭ്യന്ത്ര സുരക്ഷ കൈകാര്യം ചെയ്യുന്ന സിആര്‍പിഎഫും നിര്‍വ്വഹിക്കുന്നത്. ആഭ്യന്തര വിധ്വംസകശക്തികളെ എതിര്‍ക്കാന്‍ സിആര്‍പിഎഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്.
ഗൗരവമേറിയ ജീവല്‍ പ്രശ്നങ്ങളാണ് സിആര്‍പിഎഫിലെ വിമുക്തഭടന്മാര് അഭിമുഖീകരിക്കുന്നത്. ആരോഗ്യ സേവനങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍, പെന്ഷന് തുടങ്ങിയ മേഖലകളില്‍ സൈനികരെന്നും അര്ദ്ധസൈനികരെന്നുമുള്ള വേര്തിരുവുകള് ഒഴിവാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും പ്രശ്നത്തിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തരമന്ത്രിയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുമെന്നും കുമ്മനം പറഞ്ഞു.
സിആര്‍പിഎഫ് വിമുക്തഭടന്മാര് ചെയ്യുന്ന സെക്യൂരിറ്റി തൊഴിലില്‍ പോലും കടുത്തചൂഷണമാണ് നടക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എന്‍ഡിഎ ചെയര്മാന് പി.സി.തോമസ് പറഞ്ഞു. പലപ്പോഴും കൃത്യമായ ശമ്പളംപോലും ലഭിക്കാറില്ലെന്നും ജീവിതച്ചെലവിന് അനുസൃതമായ പെന്ഷന് ഉറപ്പാക്കുന്ന കാര്യം കേന്ദ്രത്തിന്റെശ്രദ്ധയില്പ്പെടുത്തുമെന്നും പി.സി.തോമസ് പറഞ്ഞു.
കേന്ദ്ര ആഭ്യന്ത്രമന്ത്രിക്ക് നല്‍കാനുള്ള പെന്‍ഷണേഴ്സ് ഫോറത്തിന്റെ നിവേദനവും ഭാരവാഹികള്‍ കുമ്മനത്തിന് കൈമാറി. സിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് തുളസീധരന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ്ജ്.സി.വി, ജില്ലാ സെക്രട്ടറി ഉദയകുമാര്‍,ജില്ലാ ജോയിന്റ് സെക്രട്ടറി റജി ആര്.വി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: