തിരുവനന്തപുരം: കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ സമയക്രമം കുട്ടികളുടെ താത്പര്യം കണക്കിലെടുത്ത് അടുത്ത അധ്യയനവര്‍ഷം മുതല്‍ പുനഃക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ക്കും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് നിര്‍ദേശം നല്കി. ഇതിനായി ആവശ്യമെങ്കില്‍ നിലവിലെ പാഠ്യപദ്ധതി പുനഃപരിശോധിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പഠനദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറച്ചെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇപ്പോഴും ശനിയാഴ്ചകളില്‍ ക്ലാസ്സ് നടത്തുന്നുണ്ടെന്ന കീഴ്വായ്പൂര് വിഎച്ച്എസ്സ്ഇയിലെ ഏതാനും വിദ്യാര്‍ഥികളുടെ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം.
ദിവസം എട്ടര മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറുദിവസം തുടര്‍ച്ചയായി പഠനത്തില്‍ ഏര്‍പ്പെടേണ്ടിവരുന്നത് കുട്ടികളുടെ ശാരീരിക – മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കമ്മീഷന് നിരീക്ഷിച്ചു. പഠനസമയത്തില്‍ മാറ്റം വരുത്താന്‍ നിലവിലെ പാഠ്യപദ്ധതി അനുവദിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, പാഠ്യപദ്ധതി തയ്യാറാക്കുന്നവര്‍ കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും പ്രായോഗിക സാഹചര്യങ്ങളും കണക്കിലെടുത്തുവേണം നടപടി സ്വീകരിക്കാനെന്ന് കമ്മീഷന് വ്യക്തമാക്കി. ഇത് സാധ്യമാകുന്നെന്ന് ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഡയറക്ടര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: